ഹോം » പൊതുവാര്‍ത്ത » 

മാലിന്യ സംസ്കരണത്തിലൂടെ വൈദ്യുതിക്ക്‌ പദ്ധതി

September 29, 2011

തിരുവനന്തപുരം: സംസ്ഥാനത്തു സമഗ്ര മാലിന്യമുക്ത പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനം. മാലിന്യ സംസ്കരണത്തിലൂടെ വൈദ്യൂതി ഉത്പാദിപ്പിക്കുന്ന നവീന സംവിധാനം (പൈറോളിസിസ്‌ ബയോമെത്തിയോണേഷന്‍) നടപ്പിലാക്കാനും പൊതുനിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പിഴയും ശിക്ഷയും നല്‍കാനുള്ള നിയമനിര്‍മ്മാണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
നവീന മാലിന്യസംസ്കരണ പദ്ധതി തിരുവനന്തപുരം, ബ്രഹ്മപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. നിലവിലുള്ള സംസ്കരണ പദ്ധതികളുടെ നവീകരണവും പദ്ധതിയുടെ ഭാഗമായുണ്ട്‌. പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട ഏഴു മുനിസിപ്പാലിറ്റികള്‍ക്കു 50 ലക്ഷംരൂപ വീതം നല്‍കും. പഞ്ചായത്തുകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സഹായത്തോടൊപ്പം 35 ലക്ഷംരൂപ നല്‍കും. പദ്ധതിക്കായി പഞ്ചായത്തുകള്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയാണെങ്കില്‍ അടുത്ത പദ്ധതിവിഹിതത്തില്‍പ്പെടുത്തി മുന്‍കൂര്‍തുക നല്‍കും. ഒരുടണ്‍ മാലിന്യത്തില്‍ നിന്നും 1000 കിലോവാട്ട്‌ വൈദ്യൂതി ഉത്പാദിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ. വീടുകളില്‍ മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി ബയോഗ്യാസ്‌ പദ്ധതി നടപ്പിലാക്കും.
ശുചിത്വമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ 75 ശതമാനം തുക നല്‍കും. ആശുപത്രികള്‍, ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണം കര്‍ശനമാക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കു ശിക്ഷയും പിഴയും നല്‍കുന്ന നിയമനിര്‍മ്മാണം നടത്തും. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ഓരോ ജില്ലയിലും മാലിന്യ സംസ്കരണം നടത്തും. ഒരുവര്‍ഷം നീളുന്ന പൊതുജന പങ്കാളിത്ത പരിപാടിയാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്‌ ജില്ലകളില്‍ സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റുകളുടെ ഭാഗമായി സെപ്റ്റേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ സ്ഥാപിക്കും.
മാലിന്യ വിമുക്ത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിനു കോട്ടയത്തു നടത്തും. കോട്ടയമൊഴിച്ചുള്ള മറ്റു പതിമൂന്നു ജില്ലകളിലും മാലിന്യ വിമുക്ത കേരളം പരിപാടിയുടെ ജില്ലാതല പരിപാടികള്‍ നടത്തും. മൂന്നു മുതല്‍ ഒന്‍പതുവരെ നിയോജകമണ്ഡലം തലത്തില്‍ പരിപാടികള്‍ നടത്തും. ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത്തുതല സമിതികള്‍ ഉണ്ടാകും. അതതു എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായി ആകും സമിതികള്‍ രൂപീകരിക്കുക. പത്തുമുതല്‍ 16 വരെ പഞ്ചായത്തുതല പരിപാടികളാണ്‌.
നവംബര്‍ ഒന്നുമുതല്‍ 15 വരെ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുകൂട്ടുമെന്നും മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തിനു ശേഷം അറിയിച്ചു. പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യൂതാനന്ദന്‍, കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, മറ്റ്‌ കക്ഷിനേതാക്കള്‍, വിവിധ വകുപ്പ്‌ മന്ത്രിമാര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മുന്‍പ്‌ മൂന്നുതവണ സര്‍വകക്ഷിയോഗം കൂടാന്‍ തീരുമാനിച്ചെങ്കിലും നടന്നിരുന്നില്ല.

Related News from Archive

Editor's Pick