അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി ശരിവച്ചു

Friday 30 September 2011 3:36 pm IST

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് അരുണ്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വിജിലന്‍സ് അന്വേഷണത്തിനുള്ള തുടര്‍നടപടികള്‍ തുടരാമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് നിര്‍ദേശിച്ചു. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് അരുണ്‍ കുമാര്‍ വാദിച്ചു. എന്നാല്‍ ഈ ആരോപണം കോടതി തള്ളിയ കോടതി അരുണ്‍ കുമാറിനെതിരേ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി. അരുണ്‍ കുമാറിനെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോകായുക്തയെ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരാണ് നിയോഗിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു വിജിലന്‍സിനെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.