ഹോം » ഭാരതം » 

ബലാല്‍സംഗത്തിനിരയായവരുടെ പേര്‌ വെളിപ്പെടുത്തിയതിന്‌ ഒമര്‍ മാപ്പുപറഞ്ഞു

September 30, 2011

ശ്രീനഗര്‍: കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടവരുടെ പേരുകള്‍ അസംബ്ലിയില്‍ വെളിപ്പെടുത്തിയതിന്‌ പ്രതിപക്ഷ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിരുപാധികം മാപ്പുപറഞ്ഞു. പ്രതിപക്ഷനേതാവ്‌ മെഹബൂബ മുഫ്തി മാനഭംഗത്തിന്‌ ഇരയായവരുടെ പേരുകള്‍ വെളിപ്പെടുത്തുകവഴി സര്‍ക്കാര്‍ അവരെ പിന്നെയും കരിതേച്ചുകാട്ടുകയാണെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു.
ഈ വിഷയത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 (എ) വകുപ്പ്‌ സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളും അവര്‍ തുറന്നുകാട്ടി. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന്‌ മുഖ്യമന്ത്രി സഭക്ക്‌ ഉറപ്പുനല്‍കി. സുപ്രീംകോടതിയുടെ ഈ വിഷയത്തിലുള്ള മാര്‍ഗരേഖകള്‍ ലംഘിച്ചുകൂടാവത്തവയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിവരങ്ങള്‍ വെളിപ്പെടുത്താനിടയാക്കിയ സാഹചര്യങ്ങള്‍ താന്‍ പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ബുധനാഴ്ചയാണ്‌ മാനഭംഗത്തിനിരയായ 100 ഓളം പേരുടെ പട്ടിക ആഭ്യന്തരകാര്യ മന്ത്രാലയം പുറത്തുവിട്ടത്‌.
സുഭാഷ്ചന്ദ്രഗുപ്തയുടെ ഒരു ചോദ്യത്തിന്‌ മറുപടിയായിട്ടായിരുന്നു ഈ വെളിപ്പെടുത്തല്‍. സുപ്രീംകോടതിയുടെ ധാരാളം വിധിന്യായങ്ങളില്‍ മാനഭംഗത്തിനിരയായവരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന്‌ നിഷ്കര്‍ഷിച്ചിട്ടുള്ളതായി അഡ്വക്കേറ്റ്‌ ജനറല്‍ ചൂണ്ടിക്കാട്ടി. ജമ്മുകാശ്മീരിലാണ്‌ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ബലാല്‍സംഗം നടന്നതെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു.
2006 ല്‍ ജമ്മുവില്‍ ഇത്തരം 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 120 കേസുകളാണ്‌ ശ്രീനഗറില്‍ ഉണ്ടായത്‌. 2006 മുതല്‍ സംസ്ഥാനത്ത്‌ 1326 കേസുകളുണ്ടായിട്ടുണ്ട്‌. എന്നാല്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടക്ക്‌ ഒരാള്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.

Related News from Archive
Editor's Pick