ഹോം » ലോകം » 

ഹു ജിയായെ ചൈന ജയില്‍മോചിതനാക്കി

June 26, 2011

ബെയ്ജിംഗ്‌: ചൈനയില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നുവെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്‍ ഹു ജിയാ ജയില്‍മോചിതനായി.
ചൈനീസ്‌ ഭരണകൂടത്തെ പരസ്യമായി വിമര്‍ശിക്കുകയും രാജ്യത്ത്‌ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരിലാണ്‌ ഹു ജിയാ തടവിലാക്കപ്പെട്ടത്‌. മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഹു ജിയാ മോചിതനായ വിവരം അദ്ദേഹത്തിെ‍ന്‍റ ഭാര്യ ട്വിറ്ററിലൂടെയാണ്‌ ലോകത്തെ അറിയിച്ചത്‌. എന്നാല്‍ കുറച്ചുകാലംകൂടി അദ്ദേഹം സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണ പരിധിയിലായിരിക്കും.
കലാകാരന്‍ ആയ്‌ വെയ്‌വെയെയും ചൈനീസ്‌ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ചതിന്റെ പേരില്‍ ജയിലിലടച്ചിരുന്നു. അദ്ദേഹത്തെ കഴിഞ്ഞയാഴ്ച ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ മോചിപ്പിക്കുകയും ചെയ്തു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിലടക്കുകയെന്ന ചൈനീസ്‌ തന്ത്രം അന്താരാഷ്ട്ര സമൂഹത്തില്‍ ഏറെ ചര്‍ച്ചയാവുകയും വിവിധ മനുഷ്യാവകാശ സംഘടനകളും യൂറോപ്യന്‍ യൂണിയനും ഹുജിയായെയും വെയ്‌വെയേയും മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
37-കാരനായ ഹുജിയായുടെ ചില ലേഖനങ്ങളും വിദേശ മാധ്യമങ്ങളിലൂടെ പുറത്തുവന്ന അഭിമുഖവുമാണ്‌ അദ്ദേഹത്തെ സര്‍ക്കാരിന്‌ അപ്രിയനാക്കിയത്‌. പ്രധാനമന്ത്രി വെന്‍ ജിയാവോയുടെ യൂറോപ്യന്‍ സന്ദര്‍ശനം നടക്കാനിരിക്കെയാണ്‌ ജിയയെ മോചിപ്പിച്ചുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നത്‌ പ്രസക്തമാണ്‌.

Related News from Archive
Editor's Pick