കയറ്റുമതിക്ക്‌ അനുമതി

Friday 30 September 2011 11:27 pm IST

ന്യൂദല്‍ഹി: ഉപാധികളോടെ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്ന്‌ സുപ്രീംകോടതി ഉത്തരവ്‌. കര്‍ശന നിയന്ത്രണത്തോടെയായിരിക്കണം കയറ്റുമതി. നിലവില്‍ ഉല്‍പാദനം പൂര്‍ത്തിയാക്കി ശേഖരിച്ചുവെച്ചിട്ടുള്ള 1090 ടണ്‍ എന്‍ഡോസള്‍ഫാനാണ്‌ ശേഖരത്തിലുള്ളത്‌. ഇത്രയും ടണ്‍ എന്‍ഡോസള്‍ഫാനുമാത്രമേ കയറ്റുമതിക്ക്‌ അനുമതിയുള്ളൂ.
അതേസമയം, എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തിനുള്ള നിരോധനം തുടരുമെന്നും കോടതി വ്യക്തമാക്കി. പരിസര മലിനീകരണമില്ലാതെ കയറ്റുമതി ചെയ്യണം. കയറ്റുമതി നിരീക്ഷിക്കാനായി സര്‍ക്കാര്‍ തൃത്താല സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രാജ്യത്ത്‌ ഇപ്പോഴുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതി ചെയ്യാവുന്നതാണെന്ന്‌ കോടതി നിയോഗിച്ച സംയുക്തസമിതി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഏതു രാജ്യത്തേക്കും കയറ്റുമതിയാകാമെന്നും എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ വന്‍ തുക ചെലവാകുമെന്നും ഇതിന്‌ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്‌. 1884 ടണ്‍ കയറ്റുമതി ചെയ്യാനുള്ള ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിലവില്‍ രാജ്യത്ത്‌ 1090.596 ടണ്‍ എന്‍ഡോസള്‍ഫാന്‍ മാത്രമാണുള്ളത്‌. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ്‌ പ്രധാനമെന്നും അത്‌ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയ അടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി അനുവദിക്കരുതെന്നാണ്‌ ഹര്‍ജിക്കാരുടെ നിലപാട്‌.
ജെയിനെവയിലെ സ്റ്റോക്ഖോമില്‍ നടന്ന കണ്‍വെന്‍ഷനില്‍ സ്വതന്ത്ര പ്രതിനിധി സി. ജയകുമാര്‍എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉത്പാദനനവും ഉപയോഗവും നിരോധിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. സ്റ്റോക്ഖോം അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക്‌ സര്‍വദേശീയ നിരോധനമാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. 23 തരം വിളകള്‍ക്ക്‌ ഇതുപയോഗിക്കുന്നതിന്‌ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്‌.
ഇത്തരത്തില്‍ ഇളവുകള്‍ നേടുമ്പോള്‍ ബദല്‍ കീടനാശിനി കണ്ടെത്താന്‍ ഐക്യരാഷ്ട്രസഭ നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ ഗണ്യമായ കുറവ്‌ നേരിടും. ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ത്വരിതപ്പെടുത്തി ബദല്‍ കീടനാശിനി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനെതിരായ വിധിയാണ്‌ ഇപ്പോള്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായിരിക്കുന്നതെന്ന്‌ കേരളത്തിലെ പ്രതിപക്ഷനേതാവ്‌ വിഎസ്‌.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി എന്‍ഡോസള്‍ഫാനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരള ജനത പൊരുതിയതിന്റെ വിജയവും കൂടിയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകരും കാസര്‍കോട്ടെ വിവിധ വിഭാഗം ജനങ്ങളും നടത്തിയ ത്യാഗപൂര്‍ണമായ സമരമാണ്‌ വിജയം കണ്ടെത്തിയിരിക്കുന്നത്‌. എന്‍ഡോസള്‍ഫാനെതിരെ ലോക മനസ്സാക്ഷി ഉണര്‍ത്താന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പരിശ്രമങ്ങളും അവിസ്മരണീയമാണ്‌. ഈ വിധി പൂര്‍ണമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ്‌ ഇനി അറിയാനുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സ്റ്റോഖോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധന തീരുമാനമുണ്ടാകാതിരിക്കാന്‍ പരസ്യമായി ലോബിയിങ്ങ്‌ നടത്തുകയായിരുന്നു ഇന്ത്യ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്റ്റോഖോം കണ്‍വെന്‍ഷന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്‌ അത്‌ നടപ്പാക്കാതിരിക്കാന്‍ ഇന്ത്യ കുറുക്കുവഴികള്‍ തേടി. ധനിക കര്‍ഷക ലോബിക്കും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളായ കുത്തകകള്‍ക്കും വേണ്ടിയാണ്‌ ഇന്ത്യന്‍ സര്‍ക്കാര്‍ നിലകൊള്ളുന്നത്‌. ഭൂരിപക്ഷം സംസ്ഥാനങ്ങളും നിരോധനത്തിനെതിരാണെന്ന്‌ വാദിച്ച്‌ സുപ്രീം കോടതിയില്‍നിന്ന്‌ എന്‍ഡോസള്‍ഫാനനുകൂലമായി വിധി നേടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു. ജീവനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളും വിപണനക്കാരുമായ കുത്തകകള്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചത്‌ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക വക്താവാണെന്നത്‌ കോണ്‍ഗ്രസ്സിന്റെ ഇക്കാര്യത്തിലുള്ള നിലപാട്‌ വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്ര സംഘടനയില്‍ അംഗങ്ങളായ മഹാഭൂരിപക്ഷം രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും സാര്‍വദേശീയമായി നിരോധിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടും ഇന്ത്യന്‍സര്‍ക്കാര്‍ അതിന്‌ തയ്യാറായില്ലെന്നും വിഎസ്‌ പറഞ്ഞു.