ഹോം » സിനിമ » 

‘ഉന്നം’ തെറ്റിച്ച റിമ വീണ്ടും അഭിനയിക്കാനെത്തി

October 3, 2011

ഉന്നം എന്ന സിനിമയുടെ ക്ലൈമാക്സ്‌ ഷൂട്ടിംഗില്‍നിന്നും വിട്ടുനിന്ന നടി റിമ കല്ലിങ്കല്‍ വീണ്ടും ഇന്നലെ അഭിനയിക്കാനെത്തി. സിനിമാ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും നായിക സ്ഥലംവിട്ടതോടെ ഞായറാഴ്ച പൂര്‍ത്തിയാകേണ്ട ഷൂട്ടിംഗ്‌ മുടങ്ങിയിരുന്നു. നടി റിമ കല്ലിങ്കലിനെതിരെ സംവിധായകന്‍ സിബി മലയില്‍ ഫെഫ്കയ്ക്ക്‌ പരാതി നല്‍കിയതോടെ സംഭവം വിവാദമായി. മുന്‍കൂട്ടി അറിയിക്കാതെ നടി റിമ കല്ലിങ്കല്‍ ഷൂട്ടിംഗില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടുവെന്നായിരുന്നു സംവിധായകന്റെ പരാതി. ഫെഫ്ക പരാതി അമ്മയ്ക്ക്‌ കൈമാറി. റിമയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടകാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയാണ്‌ തീരുമാനിക്കേണ്ടത്‌.
ഇന്നലെ രാവിലെ 10 ന്‌ തമ്മനത്തുള്ള ഷൂട്ടിംഗ്‌ ലൊക്കേഷനിലെത്തിയ റിമ വൈകിട്ട്‌ 5 വരെ ഷൂട്ടിംഗില്‍ പങ്കടുത്തു. പ്രൊഡക്ഷന്‍ മാനേജര്‍ക്ക്‌ അറിയിപ്പ്‌ നല്‍കിയ ശേഷമാണ്‌ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നാണ്‌ റിമ പറയുന്നത്‌. ഷൂട്ടിംഗ്‌ മുടങ്ങിയതുമൂലം പ്രൊഡ്യൂസര്‍ക്ക്‌ രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായെങ്കിലും പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‌ പരാതി നല്‍കിയിട്ടില്ല. സംവിധായകന്‍ സിബി മലയില്‍ രേഖാമൂലം ഫെഫ്കയ്ക്ക്‌ പരാതി നല്‍കുകയും ചെയ്തു. പരാതി അമ്മ ഭാരവാഹികള്‍ക്ക്‌ കൈമാറിയതായി ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.

Related News from Archive
Editor's Pick