ഹോം » പ്രാദേശികം » എറണാകുളം » 

വ്യാജചാരായനിര്‍മാണം: സിപിഎം മുന്‍മഹിളാ നേതാവിന്റെ വീട്ടില്‍ റെയ്ഡ്‌- മരുമകന്‍ റിമാന്റില്‍

October 4, 2011

മരട്‌: പനങ്ങാട്ടെ വ്യാജവാറ്റുകേന്ദ്രത്തില്‍ എക്സൈസ്‌ രഹസ്യാന്വേഷണ വിഭാഗം നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റിലായി. ഉദയത്തും വാതിലിനു സമീപത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ വ്യാജചാരായനിര്‍മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ വെളിയത്തുവീട്ടില്‍ സന്തോഷ്‌ (39)നെ പിടികൂടുകയും, ചാരായം നിര്‍മിക്കുവാന്‍ ഉപയോഗിച്ചുവന്ന സാമഗ്രികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്‌. സിപിഎം മുന്‍ മഹിളാ പ്രാദേശിക നേതാവിന്റെ വീട്ടിലാണ്‌ അവരുടെ മകളുടെ ഭര്‍ത്താവായ സന്തോഷ്‌ വ്യാജമദ്യം നിര്‍മിച്ചുവന്നത്‌.
എറണാകുളത്തെ എക്സൈസ്‌ രഹസ്യാന്വേഷണ ബ്യൂറോക്ക്‌ ലഭിച്ച വിവരത്തെ തുടര്‍ന്നാണ്‌ പനങ്ങാട്ടെ ചാരായനിര്‍മാണം നടത്തിവന്ന വീട്‌ എക്സൈസ്‌ ഉദ്യോഗസ്ഥര്‍ റെയ്ഡ്‌ ചെയ്തത്‌. ഇന്റലിജന്‍സ്‌ വിഭാഗം പ്രിവന്റീവ്‌ ഓഫീസര്‍ കെ.എന്‍.വിക്രമന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ ഏഴരയോടെയാണ്‌ വീട്‌ വളഞ്ഞ്‌ പ്രതിയെ പിടികൂടിയത്‌. അഞ്ചുലിറ്റര്‍ ചാരായം, 200 ലിറ്റര്‍ വാഷ്‌, ചാരായം വാറ്റുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, വലിയപാത്രങ്ങള്‍, വെള്ളം നിറക്കുന്നതിനുള്ള വീപ്പ, പാചകവാതക സിലിണ്ടറുകള്‍ എന്നിവയും വീട്ടില്‍നിന്നും എക്സൈസ്‌ സംഘം പിടിച്ചെടുത്തു.
അറസ്റ്റിലായ സന്തോഷ്‌ മരട്‌ കുണ്ടന്നൂരിലെ കള്ള്ഷാപ്പ്‌ ജീവനക്കാരന്‍ കൂടിയാണ്‌. മുന്‍കൂട്ടി ലഭിക്കുന്ന ഓര്‍ഡര്‍ പ്രകാരം ചാരായം വാറ്റി ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുനല്‍കിവരികയായിരുന്നു ഇയാള്‍. പനങ്ങാട്ടെ ഭാര്യവീട്‌ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ 8 മാസമായി ഇയാള്‍ വ്യാജചാരായം നിര്‍മിച്ച്‌ കച്ചവടം നടത്തി വരികയായിരുന്നുവെന്നും എക്സൈസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
എറണാകുളം എക്സൈസ്‌ ഇന്റലിജന്‍സ്‌ ബ്യൂറോ ഡെപ്യൂട്ടികമ്മീഷണര്‍ കെ.മോഹനന്‍, അസി.കമ്മീഷണര്‍ എന്‍.എസ്‌.സലിം കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തൃപ്പൂണിത്തുറയില്‍ നിന്നുള്ള പ്രിവന്റീവ്‌ ഓഫീസര്‍മാരായ ഷാജിമാത്തന്‍, പി.പി.തോമസ്‌, ഗാര്‍ഡ്‌ മാരായ ശ്രീകുമാര്‍, രവി, ഹര്‍ഷകുമാര്‍ എന്നിവരാണ്‌ റെയ്ഡില്‍ പങ്കെടുത്ത്‌ പ്രതിയെ പിടികൂടിയത്‌. അറസ്റ്റിലായ സന്തോഷിനെതിരെ കേസ്‌ ചാര്‍ജ്ജുചെയ്തശേഷം എറണാകുളത്ത്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. 15 ദിവസത്തേക്ക്‌ റിമാന്റുചെയ്ത്‌ പ്രതിയെ മട്ടാഞ്ചേരി സബ്ജയിലിലേയ്ക്കയച്ചു

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick