ഹോം » പ്രാദേശികം » എറണാകുളം » 

ക്ഷേത്രപരിസരത്തെ സെമിത്തേരിനിര്‍മാണത്തിന്‌ അനുമതി നിഷേധിച്ചു

October 4, 2011

മരട്‌: നെട്ടൂര്‍ കൂട്ടുങ്കല്‍ ദേവീക്ഷേത്രത്തിനു സമീപത്തെ സെമിത്തേരിനിര്‍മാണശ്രമത്തിന്‌ അധികൃതര്‍ അനുമതി നിഷേധിച്ചു. ഈ ആവശ്യത്തിനായി നെട്ടൂര്‍ സെ.സെബാസ്റ്റ്യന്‍ പള്ളിയുമായി ബന്ധപ്പെട്ടവര്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷക്ക്‌ ജില്ലാകളക്ടര്‍ പി.ഐ.ഷേക്പരീതാണ്‌ അനുമതി നിരസിച്ചത്‌. സെമിത്തേരിയിലേക്ക്‌ മൃതദേഹങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം വഴിവേണം കടക്കാന്‍. ഇത്‌ ഹൈന്ദവ ആചാരത്തിന്‌ വിരുദ്ധവും ക്ഷേത്രപരിശുദ്ധിയെ ദോഷകരമായി ബാധിക്കുന്നതുമാണെന്നും കാണിച്ച്‌ എസ്‌എന്‍ഡിപിയുടേയും, ഹിന്ദുഐക്യവേദിയുടെയും മറ്റ്‌ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ സെമിത്തേരി നിര്‍മാണത്തിനെതിരെ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച്‌ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ക്ഷേത്രത്തിനു സമീപത്തെ സെമിത്തേരി നിര്‍മാണ ആവശ്യത്തിനെതിരെ കഴിഞ്ഞ ജൂലായ്‌ 18ന്‌ മരട്‌ നഗരസഭയിലേക്ക്‌ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തുകയും, ഐജി, അഡീഷണല്‍ ഡിജിപി സംസ്ഥാന പട്ടികജാതി വികസന വകുപ്പ്‌ മന്ത്രി എന്നിവര്‍ക്ക്‌ പരാതിയും നല്‍കിയിരുന്നു.
ക്ഷേത്രവിശ്വാസികള്‍, പ്രത്യേകിച്ച്‌ പട്ടികജാതി വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന ജനവാസകേന്ദ്രമാണ്‌ കൂട്ടുങ്കല്‍ ക്ഷേത്രപരിസരം. ക്ഷേത്രാചാരങ്ങള്‍ക്ക്‌ വിരുദ്ധമായ സെമിത്തേരി നിര്‍മാണം എതിര്‍പ്പുകള്‍ വകവെക്കാതെ ഇവിടെ നടത്തുന്നത്‌ മത സൗഹാര്‍ദത്തെ വരെ ദോഷകരമായി ബാധിക്കുമെന്നുമുള്ള പോലീസ്‌ അഡീഷണല്‍ ഡിജിപിയുടേയും മറ്റും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്‌ സെമിത്തേരി പണിയുന്നതിന്‌ പള്ളിയുമായി ബന്ധപ്പെട്ടവര്‍ സമര്‍പ്പിച്ച അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചത്‌.
2009 ലാണ്‌ നെട്ടൂരില്‍ സെമിത്തേരി നിര്‍മിക്കുന്നതിനായി സ്ഥലം വ്യക്തമാക്കതെ കളക്ടര്‍ക്ക്‌ അപേക്ഷ നല്‍കിയത്‌. ഇതേത്തുടര്‍ന്ന്‌ തത്പരകക്ഷികളായ ചിലരാഷ്ട്രീയ നേതാക്കളുടെ പിന്‍ബലത്തോടെ ക്ഷേത്രത്തിനടുത്തെ കോളനി പരിസരത്ത്‌ സെമിത്തേരി നിര്‍മിക്കുവാന്‍ നീക്കം നടത്തിവരികയായിരുന്നു. ഇതിനിടെ ഹൈന്ദവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത്‌ വന്നതോടെയാണ്‌ അധികൃതര്‍ സെമിത്തേരിക്ക്‌ അനുമതി നിഷേധിച്ചത്‌

Related News from Archive
Editor's Pick