ഹോം » ലോകം » 

മൊഗാദിഷുവില്‍ ചാവേറാക്രമണം: 60 മരണം

October 4, 2011


മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാന നഗരമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ബോംബാക്രമണത്തില്‍ അറുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക്‌ സര്‍ക്കാര്‍ ഓഫീസ്‌ കോമ്പൗണ്ടിലേക്ക്‌ ഇടിച്ചു കയറ്റിയാണ്‌ ആക്രമണം നടത്തിയത്‌. സംഭവത്തിന്റെ ഉത്തരവാദിത്വം മുസ്ലീം ഭീകരസംഘടനയായ അല്‍ഷബാബ്‌ ഏറ്റെടുത്തിട്ടുണ്ട്‌. സ്ഫോടനം നടന്ന സ്ഥലത്ത്‌ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിബിസി സം പ്രേഷണം ചെയ്തു.
നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്ങിനിറഞ്ഞ കോമ്പൗണ്ടിന്‌ വെളിയിലാണ്‌ സ്ഫോടനമുണ്ടായത്‌. സംഭവസ്ഥലത്തു നിന്നും അറുപത്തഞ്ചോളം മൃതശരീരങ്ങള്‍ കണ്ടെടുത്തതായും അന്‍പതോളം പേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. സോമാലിയയില്‍ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണിതെന്ന്‌ കണക്കാക്കപ്പെടുന്നു.
അഗോള ഭീകരസംഘടനയായ അല്‍ഖ്വയ്ദയോട്‌ അടുത്ത ബന്ധം പുലര്‍ത്തിവരുന്ന സംഘടനയായ അല്‍ഷബാബ്‌ അടുത്തിടെയായി രാജ്യത്തുടനീളം നിരവധി ചാവേറാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്‌. തലസ്ഥാനമായ മൊഗാദിഷുവില്‍ ഈ ഭീകരസംഘടന രണ്ട്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ നടത്തിയ ചാവേറാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. മധ്യസോമാലിയയാണ്‌ അല്‍ഷബാബിന്റെ ശക്തികേന്ദ്രം.

Related News from Archive
Editor's Pick