ഹോം » കേരളം » 

എസ്‌എന്‍ഡിപിക്ക്‌ 73.16 കോടിയുടെ ബജറ്റ്‌

October 7, 2011

ചേര്‍ത്തല: വാര്‍ഷിക ബജറ്റ്‌ എസ്‌എന്‍ഡിപി യോഗം അംഗീകരിച്ചു. 73,16,17,000 രൂപ വരവും ഇതേ സംഖ്യ ചിലവും വരുന്ന 2011-12 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റിനാണ്‌ ഇന്നലെ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കിയത്‌. സ്കൂള്‍, കോളേജുകളുടെ പ്രവര്‍ത്തനത്തിനും കെട്ടിട നിര്‍മാണത്തിനുമാണ്‌ പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്‌. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്‌ 3.5 കോടിയും എന്‍ജിനീയറിങ്‌ കോളേജ്‌ സ്ഥാപിക്കുന്നതിന്‌ 2.5 കോടിയും വ്യാവസായിക-കാര്‍ഷിക സംരംഭങ്ങള്‍ക്ക്‌ ഒരുകോടിയും നീക്കിവെച്ചിട്ടുണ്ട്‌.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ 60 ലക്ഷവും, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനും ഭവന നിര്‍മാണത്തിനും ഗസ്തൗസ്‌ നിര്‍മാണത്തിനും 35 ലക്ഷം രൂപ വീതം നീക്കിവെച്ചിട്ടുണ്ട്‌. യോഗത്തില്‍ പ്രസിഡന്റ്‌ ഡോ.കെ.എന്‍.സോമന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളിലെ അസംതൃപ്തരായ ഈഴവ സമുദായാംഗങ്ങളായ നേതാക്കളെ ഉള്‍പ്പെടുത്തി എസ്‌എന്‍ഡിപി യെ രാഷ്ട്രീയ ശക്തിയായി മാറ്റുമെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു.കേരളത്തിലെ ഇടതു-വലത്‌ മുന്നണികള്‍ സംവരണ വിരുദ്ധ സമുദായ സംഘടനകളുടെ തടവറയിലാണ്‌. മുന്നണികള്‍ക്ക്‌ അധികാരത്തിലേറാന്‍ കൊടിപിടിക്കാനും തല്ലുകൊള്ളാനുമാണ്‌ പിന്നോക്ക സമുദായങ്ങളുടെ ഗതി. കെപിസിസി പുനസംഘടന കഴിയുമ്പോള്‍ അതില്‍ അസംതൃപ്തിയുള്ള നേതാക്കളെയും ഉള്‍പ്പെടുത്തിയാകും യോഗം രാഷ്ട്രീയ ശക്തിയായി മാറുക. കോണ്‍ഗ്രസ്‌-കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ തലപ്പത്ത്‌ പിന്നോക്കക്കാരെ കൊണ്ടുവരില്ല. ഇത്തരത്തില്‍ അവഗണിക്കപ്പെട്ടിട്ടുള്ള നിരവധി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിവാദ വികസനം കേരളത്തിന്റെ പുരോഗതിയിലേക്ക്‌ നയിക്കില്ലെന്ന്‌ ഭരണ-പ്രതിപക്ഷ മുന്നണികള്‍ ഇത്‌ സംബന്ധിച്ച്‌ ആത്മ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick