ഹോം » പൊതുവാര്‍ത്ത » 

അധ്യാപകന്റെ മുറിവ്‌ ആയുധം കൊണ്ടല്ലെന്ന്‌ റിപ്പോര്‍ട്ട്‌

October 7, 2011

തിരുവനന്തപുരം: കൊട്ടാരക്കരയ്ക്കടുത്ത്‌ വാളകത്ത്‌ അധ്യാപകന്‍ ആക്രമണത്തിനിരയായ സംഭവത്തിലെ അന്വേഷണം വഴിതിരിയുന്നു. അധ്യാപകനുണ്ടായ മുറിവുകള്‍ ആയുധം കൊണ്ടുണ്ടായതല്ലെന്ന്‌ മെഡിക്കല്‍സംഘം പോലീസിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഇന്നലെ നടന്ന മൊഴിയെടുപ്പില്‍ അധ്യാപകന്‍ മുമ്പു നല്‍കിയ മൊഴി തിരുത്തിയെങ്കിലും അക്രമത്തെക്കുറിച്ച്‌ വ്യക്തമായ സൂചന ഇനിയും പോലീസിന്‌ ലഭിച്ചിട്ടില്ല. അധ്യാപകനെ ആരൊക്കെയോ ചേര്‍ന്ന്‌ ആക്രമിച്ചതാണെന്ന നിഗമനത്തിലായിരുന്നു ഇതുവരെയുള്ള അന്വേഷണമെങ്കിലും ആക്രമണമല്ല, അപകടമാണോ എന്ന തരത്തിലുള്ള അന്വേഷണത്തിലേക്കാണ്‌ ഇപ്പോള്‍ പോലീസ്‌ നീങ്ങുന്നത്‌. അപകടമുണ്ടായാലും ഇത്തരത്തിലുള്ള മുറിവുകള്‍ സംഭവിക്കാമെന്ന നിഗമനത്തെ സാധൂകരിക്കുന്ന തരത്തിലുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടാണ്‌ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പോലീസിന്‌ നല്‍കിയിട്ടുള്ളത്‌. മുറിവുകള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായതാകണമെന്നില്ലെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌.
കമ്പിപാരയോ മറ്റ്‌ ആയുധങ്ങളോ ഉപയോഗിച്ചതായി വ്യക്തമാകുന്നില്ല. വാഹനാപകടമോ, ശക്തമായ വീഴ്ച്ചയോ മൂലമാകാം ക്ഷതമേറ്റതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. അന്വേഷണസംഘത്തിന്‌ കൈമാറിയ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും നല്‍കും.
ശരീരത്തിലെ മുറിവുകള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായതാകണമെന്നില്ലെന്ന്‌ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ വിവിധ സാധ്യതകളാണ്‌ മുന്നോട്ടുവെക്കുന്നത്‌. വാഹനങ്ങളുടെ ഇടിയുടെ ആഘാതത്തില്‍ സമാനക്ഷതമേല്‍ക്കാന്‍ ഇടയുണ്ട്‌. ശക്തമായ വീഴ്ച്ചയും മുറിവിന്‌ കാരണമായിട്ടുണ്ടാകും. ഉയരത്തില്‍ നിന്ന്‌ വീഴുകയോ,എന്തെങ്കിലും കൊണ്ട്‌ ശക്തിയായി ഇടിക്കുകയോ ചെയ്താല്‍ ഇത്തരത്തിലുള്ള മുറിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.
സ്വന്തം ലേഖകന്‍

Related News from Archive
Editor's Pick