ഹോം » ലോകം » 

വരള്‍ച്ച മൂലം അഫ്ഗാനിസ്ഥാന്‍ സഹായം തേടുന്നു

October 7, 2011

കാബൂള്‍: കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ വരള്‍ച്ച നേരിടുന്ന അഫ്ഗാനിസ്ഥാന്‍ 142 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സഹായം തേടുന്നു. 2.6 മില്ല്യണ്‍ ജനങ്ങള്‍ക്കു ഭക്ഷണം നല്‍കാനാണ്‌ ഈ തുക വിനിയോഗിക്കുന്നത്‌. കിഴക്കും വടക്കുമുള്ള ഏതാണ്ട്‌ 14 പ്രവിശ്യകളില്‍ വരള്‍ച്ച അനുഭവപ്പെട്ടതോടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായെന്ന്‌ കൃഷി മന്ത്രി അറിയിച്ചു. പല കര്‍ഷകരും തങ്ങളുടെ കന്നുകാലികളെ വിറ്റ്‌ ജീവിക്കാനുള്ള ഭക്ഷണത്തിനായി കാത്തിരിക്കുന്നു. ലോകഭക്ഷ്യപരിപാടി ഈ രാജ്യത്ത്‌ അടിയന്തര സഹായമെത്തിക്കാന്‍ ലോകരാഷ്ട്രങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്തരം പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ രാജ്യത്തിന്‌ കഴിയില്ലെന്ന്‌ കൃഷി മന്ത്രി മൊഹമ്മദ്‌ അസിഫ്‌ റഹ്മി പറഞ്ഞു. വരള്‍ച്ച മൂലം വിളവുകള്‍ കുറഞ്ഞു. ഭക്ഷ്യവില വര്‍ധിക്കുകയും ചെയ്തതോടെ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി. അടുത്ത ആറുമാസത്തേക്ക്‌ ഭക്ഷ്യസാധനങ്ങള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2.6 മില്ല്യണ്‍ വിശക്കുന്നവര്‍ കൂടിയാകുമ്പോള്‍ അഫ്ഗാനില്‍ 10 മില്ല്യണ്‍ പേര്‍ പട്ടിണിക്കാരായുണ്ട്‌. തങ്ങളുടെ ആദ്യത്തെ ആഹ്വാനത്തിനു വേണ്ടത്ര പ്രതികരണമുണ്ടായില്ലെന്ന്‌ ലോകഭക്ഷ്യപദ്ധതിയുടെ അധികാരികള്‍ പറഞ്ഞു. 2001 നേക്കാള്‍ കൂടിയ പ്രതിസന്ധിയും വരള്‍ച്ചയുമാണ്‌ ഇപ്പോഴുള്ളതെന്ന്‌ ഗ്രാമീണര്‍ വാര്‍ത്താലേഖകരെ അറിയിച്ചു. പല സ്ഥലങ്ങളിലും കിണറുകള്‍ വറ്റിവരണ്ടു. ഇതിനാല്‍ വെള്ളമുള്ള പ്രദേശങ്ങളിലേക്ക്‌ പലര്‍ക്കും മാറേണ്ടതായിവരുന്നു. ഈ പ്രദേശങ്ങളില്‍ താലിബാന്‍ ഭീകരരുടെ ആക്രമണങ്ങള്‍മൂലം ഭക്ഷ്യസഹായമെത്തിക്കുന്നതില്‍ വൈഷമ്യമുണ്ടാകുമെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിച്ചു.

Related News from Archive
Editor's Pick