ശോഭാ ജോണിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും

Friday 7 October 2011 10:23 am IST

പറവൂര്‍: വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ശോഭാ ജോണിനെയും സംഘത്തെയും ഇന്ന്‌ കോടതിയില്‍ ഹാജരാക്കുമെന്ന്‌ വടക്കേക്കര സിഐ ജോര്‍ജ്‌ ജോസഫ്‌ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വരാപ്പുഴയില്‍ വീടുവാടകക്കെടുത്ത്‌ പ്രമുഖര്‍ക്കായി കാഴ്ചവെച്ച കേസിലാണ്‌ തന്ത്രികേസിലടക്കം കുപ്രസിദ്ധയായ ശോഭാ ജോണ്‍ പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. രഹസ്യവിവരത്തെത്തുടര്‍ന്ന്‌ രണ്ടുദിവസം മുമ്പ്‌ ബംഗളൂരുവില്‍ എത്തിയ പോലീസ്‌ സംഘം തന്ത്രപരമായാണ്‌ ശോഭാജോണിനെ കുടുക്കിയത്‌.
തന്ത്രിക്കേസിലെ മുഖ്യപ്രതികളിലൊരാളായ ബെച്ചു റഹ്മാന്‍, കൊലപാതകക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ കേപ്പ്‌ അനില്‍ എന്നിവരോടൊപ്പം ഇന്നോവ കാറില്‍ യാത്രപുറപ്പെടാനൊരുങ്ങുമ്പോഴാണ്‌ പോലീസ്‌ പിടികൂടുന്നത്‌. ഈ സമയം ശോഭാ ജോണിന്റെ 9 വയസുള്ള മകനും കൂടെയുണ്ടായിരുന്നു. കുട്ടിയെ പിന്നീട്‌ പോലീസ്‌ ബന്ധുക്കളെ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട്‌ പിടികൂടിയ ഇവരെ ബുധനാഴ്ച ഉച്ചയോടെ പറവൂര്‍ സിഐ ഓഫീസിലെത്തിച്ചിരുന്നു. ഈ സമയത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ ശോഭാജോണ്‍ സംസാരിക്കാനിടയായത്‌ വിവാദം സൃഷ്ടിച്ചരുന്നു.
ഇതോടെ റൂറല്‍ എസ്പി ഇടപെട്ട്‌ പറവൂര്‍ സിഐ അബ്ദുള്‍ സലാമിനെ ഒഴിവാക്കി കേസിന്റെ അന്വേഷണച്ചുമതല വടക്കേക്കര സിഐക്ക്‌ നല്‍കുകയായിരുന്നു. പിടിയിലാകുമ്പോള്‍ ശോഭാജോണിന്റെ കയ്യില്‍നിന്നും മൂന്ന്‌ മൊബെയില്‍ ഫോണുകളും ആറ്‌ സിംകാര്‍ഡുകളും ഒരു മെമ്മറികാര്‍ഡും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. സിംകാര്‍ഡുകള്‍ നശിപ്പിക്കാനുള്ള ശ്രമം പോലീസ്‌ പരാജയപ്പെടുത്തുകയായിരുന്നു. സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ബിനു, ബിജു, ഐസക്‌, ബാബു, നയന എന്നിവരും പറവൂര്‍ സിഐയോടൊപ്പം ഉണ്ടായിരുന്നു.