ജീവിതത്തില്‍ ഇടയ്ക്കിടെ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് എന്തിനാണെന്നറിയുമോ? നിങ്ങളില്‍ ആനന്ദത്തെക്കുറിച്ച് ബോധമുണ്ടാക്കുന്നതിന്. ജീവിതത്തില്‍ അസുഖകരങ്ങളായ നിമിഷങ്ങളില്ലെങ്കില്‍, നിങ്ങള്‍ സുഖകരമായ നിമിഷങ്ങള്‍ തിരിച്ചറിയില്ല. അപ്പോള്‍ സുഖം നിങ്ങള്‍ക്ക് അനുഭവിക്കാനുമാകില്ല. അങ്ങേയറ്റത്തെ മടുപ്പില്‍ ജീവിതത്തിന്റെ വളര്‍ച്ചതന്നെ മുരടിച്ചുപോകാം. ഒരു കല്ലിനെപ്പോലെയാകും നിങ്ങള്‍. നിങ്ങളെ ജീവനോടെ നിലനിര്‍ത്താന്‍ പ്രകൃതി ഓരോ അനുഭവങ്ങള്‍ നല്കുന്നു. അതാണ് ജീവിതത്തെ സജീവമാക്കുന്നത്. അത് സ്വീകരിക്കൂ.
ഇടയ്ക്കിടെ അദ്ദേഹം നിങ്ങളെ കുലുക്കിയുണര്‍ത്തുന്നു. അപ്പോള്‍ ”ദൈവം എന്നോടങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു” എന്നുപറഞ്ഞ് നിങ്ങള്‍ കരയുകയും പരാതി പറയുകയുമാണ് ചെയ്യുന്നത്. പക്ഷേ, കഴിഞ്ഞ കാലത്തിലേക്ക് നോക്കി ആത്മാര്‍ത്ഥമായി ചിന്തിക്കൂ. വിഷമമുണ്ടായ ഓരോ സന്ദര്‍ഭത്തിലും, നിങ്ങളെ ആരോ അതില്‍നിന്ന് രക്ഷിച്ചിട്ടില്ലേ? പ്രശ്നമുണ്ടായ ഓരോ സന്ദര്‍ഭത്തിലും നിങ്ങള്‍ക്കൊരു സഹായഹസ്തം ലഭിച്ചില്ലേ? നിങ്ങളെ ആരോ കൈകളിലെടുത്തിരുന്നു… എങ്ങനെയാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത് എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ, എങ്കിലും…
ജീവിതത്തിന്റെയും സംഭവങ്ങളുടെയും അസ്ഥിരതയെക്കുറിച്ച് ബോധമുണ്ടാകുമ്പോള്‍, മാറ്റമില്ലാതെ നമ്മില്‍ എന്തോ ഒന്ന് നിലനില്‍ക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയും. നമ്മളിലെ മാറ്റമില്ലാത്ത ആ കേന്ദ്രബിന്ദുവില്‍ എത്തിയാല്‍ മനസ്സിലാകും, മറ്റെല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന്. ‘ ഉണ്മ എന്ന ആ കേന്ദ്ര ബിന്ദുവിലാണ് നിങ്ങള്‍ കുടികൊള്ളുന്നത്. അതാണ് ജീവന്റെ ഉറവിടം. അതാണ് ബുദ്ധി. എന്നാല്‍ ആത്മസത്തയില്‍ വര്‍ത്തിക്കുന്നവരെ ലോകം കിറുക്കന്മാരെന്നു വിളിക്കുന്നു. യഥാര്‍ത്ഥ ബുദ്ധിമാന് ഭൗതികലോകത്തിന്റെ ദൃഷ്ടിയില് തികഞ്ഞ വിഡ്ഢിയാണ്. സ്വതന്ത്രമായി ചിന്തിച്ച എല്ലാ ബുദ്ധിമാന്മാരെയും ലോകം ഒരുകാലത്ത് വിഡ്ഢികളായാണ് നോക്കിക്കണ്ടത്. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് ഗലീലിയോ പറഞ്ഞപ്പോള്‍, എല്ലാവരും അദ്ദേഹത്തെ വിഡ്ഢിയെന്നു വിളിച്ചു. ലോകത്തോട് സത്യം തുറന്നുപറയുന്ന ഒരു യഥാര്‍ത്ഥ ‘വിഡ്ഢിക്ക് വിശ്രാന്തിയും, സ്വാതന്ത്ര്യവും, ആനന്ദവുമുണ്ട്. തനിക്കു ലഭിക്കുന്ന ഭൗതികമോ, ആത്മീയമോ ആയ ഒരു ലാഭത്തെക്കുറിച്ചും ചിന്താകുലനല്ല അദ്ദേഹം. വാസ്തവത്തില്‍ ഈ നേട്ടങ്ങള്‍ക്ക് യാതൊന്നും നല്‍കാനുള്ള കഴിവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: