ഗോവയില്‍ കാല്‍ലക്ഷം കോടിയുടെ അനധികൃത ഖാനനം: ബിജെപി

Friday 7 October 2011 11:06 pm IST

പനാജി: ഗോവയില്‍ 25,000 കോടി രൂപയുടെ അനധികൃത ഖാനനം നടന്നിട്ടുണ്ടെന്ന്‌ ബിജെപി. ഗോവയില്‍ നടക്കുന്ന അനധികൃത ഖാനനങ്ങളെക്കുറിച്ചുള്ള പബ്ലിക്ക്‌ അക്കൗണ്ട്സ്കമ്മിറ്റി റിപ്പോര്‍ട്ട്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ ഭരണകൂടം പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയായ ദിഗംബര്‍ കാമത്തിനും കേന്ദ്രത്തിലെ സമുന്നതനായ ഒരു കോണ്‍ഗ്രസ്‌ നേതാവിനും ഖാനനത്തിലുള്ള പങ്കിനെക്കുറിച്ച്‌ പിഎസി റിപ്പോര്‍ട്ടില്‍ വിശദമായ പരാമര്‍ശങ്ങളുണ്ടെന്നും ബിജെപി നേതാവ്‌ കിരിത്‌ സോമയ്യ വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ 25,000 കോടി രൂപയുടെ അനധികൃത ഖാനനമാണ്‌ ഗോവയിലെ വനപ്രദേശങ്ങളില്‍ നടന്നിട്ടുള്ളതെന്നും കേന്ദ്രത്തിന്റെ പിന്തുണയോടു കൂടി സംസ്ഥാനമന്ത്രിമാര്‍ ഇതിന്‌ കൂട്ടു നില്‍ക്കുകയായിരുന്നുവെന്നും സോമയ്യ ആരോപിച്ചു. 2ജി അഴിമതിയിലേതുപോലെ വിദേശകമ്പനികളുടെ സഹായത്തോടുകൂടിയുള്ള വന്‍ അഴിമതിയാണ്‌ സംസ്ഥാനത്തെ ഖാനികളോട്‌ ചേര്‍ന്ന്‌ നടന്നിരിക്കുന്നത്‌. പിഎസി റിപ്പോര്‍ട്ട്‌ പൂഴ്ത്താനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. പിഎസി റിപ്പോര്‍ട്ട്‌ നിയമസഭയുടെ മേശപ്പുറത്ത്‌ വെക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭ വിട്ടിറങ്ങിയിരുന്നു. പിഎസിയിലെ ഏഴ്‌ അംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിട്ടില്ലെന്നും ഇക്കാരണത്താലാണ്‌ റിപ്പോര്‍ട്ടിന്റെ അവതരണം മാറ്റിവെച്ചതെന്നുമാണ്‌ സ്പീക്കര്‍ റാണയുടെ വിശദീകരണം. എന്നാല്‍ സ്പീക്കറെ സര്‍ക്കാര്‍ സ്വാധീനിച്ചിരിക്കുക യാണെന്നാണ്‌ ബിജെപിയുടെ നിലപാട്‌.
പ്രതിപക്ഷനേതാവ്‌ മനോഹര്‍ പരീഖിന്റെ നേതൃത്വത്തിലുള്ള പിഎസി സംഘമാണ്‌ ഗോവയില്‍ നടന്ന അനധികൃത ഖാനനങ്ങള്‍ അന്വേഷിക്കുന്നത്‌. കോണ്‍ഗ്രസ്‌ നേതാവ്‌ താര്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള ഖാനിയില്‍ കോടികളുടെ അനധികൃത ഖാനനം നടന്നതായി ഗൂഗിള്‍ സാറ്റലൈറ്റ്‌ സര്‍വീസിന്റെ സഹായത്തോടെ പിഎസി കണ്ടെത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.