ഹോം » ഭാരതം » 

കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചു

October 8, 2011

ന്യൂദല്‍ഹി: യാത്രാപ്രിയരായ കേന്ദ്ര മന്ത്രിമാരുടെ നിരവധി വിദേശയാത്രാ അഭ്യര്‍ത്ഥനകള്‍ക്ക്‌ പ്രധാനമന്ത്രി അനുമതി നിഷേധിച്ചു. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായാണ്‌ മന്ത്രിമാര്‍ക്ക്‌ യാത്രാനുമതി നിഷേധിക്കപ്പെട്ടത്‌.

2010 ല്‍ പത്തും ഈ വര്‍ഷത്തില്‍ പതിനാലും വിദേശയാത്രാ അപേക്ഷകളാണ് പ്രധാനമന്ത്രി ഇടപെട്ട് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈ വരെയുള്ള കണക്ക്‌ പ്രകാരം വ്യോമയാന മന്ത്രി വയലാര്‍ രവിക്ക്‌ മാത്രം രണ്ട്‌ തവണയാണ്‌ യാത്രാനുമതി നിഷേധിക്കപ്പെട്ടത്‌. മാര്‍ച്ച്, ജൂലൈ മാസങ്ങളിലായി അമേരിക്ക, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് വയലാര്‍ രവിയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടത്. എങ്കിലും വയലാര്‍ രവി അടുത്തിടെ രണ്ട്‌ വിദേശയാത്രകള്‍ നടത്തിയിട്ടുമുണ്ട്‌.

വയലാര്‍ രവിയെക്കൂടാതെ ഫാറൂഖ് അബ്ദുള്ള, സല്‍മാന്‍ ഖുര്‍ഷിദ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, ജയറാം രമേശ്, കുമാരി ഷെല്‍ജ, എം.എസ്.ഗില്‍, സുബോധ് കാന്ത് സഹായ്, അജയ് മാക്കന്‍ തുടങ്ങിയവര്‍ക്കും യാത്രാ അനുമതി നിഷേധിച്ചു.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ വിവിധ മന്ത്രിമാരുടെ 24 ഓളം വിദേശയാത്രാ പദ്ധതികള്‍ പ്രധാനമന്ത്രി ഇടപെട്ട് റദ്ദാക്കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick