ഹോം » ലോകം » 

ഇന്ധനടാങ്ക്‌ തകര്‍ന്നു; 200 ജപ്പാന്‍ യുദ്ധവിമാനങ്ങള്‍ നിലത്തിറക്കി

October 8, 2011

ടോക്കിയോ: പരിശീലന പറക്കലിനിടയില്‍ ഒരു യുദ്ധവിമാനത്തിന്റെ ഇന്ധനടാങ്ക്‌ താഴേക്ക്‌ വീണതിനാല്‍ ജപ്പാന്‍ വ്യോമാഭ്യാസത്തിലുണ്ടായിരുന്ന 200ലധികം എഫ്‌15 വിമാനങ്ങളും നിലത്തിറക്കി. പടിഞ്ഞാറന്‍ നഗരമായ കൊമാത്സുവില്‍ തീപിടിച്ച്‌ വിമാനത്തിന്റെ ഭാഗങ്ങള്‍ ചിതറിത്തെറിച്ചു. സംഭവത്തില്‍ ആര്‍ക്കും അപകടമില്ല. വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. മൂന്ന്‌ മാസത്തിനുള്ളില്‍ ഇത്‌ രണ്ടാം തവണയാണ്‌ എഫ്‌15 ന്റെ പറക്കല്‍ നിര്‍ത്തിവെക്കേണ്ടിവരുന്നത്‌.
വിമാനത്തിന്റെ 155 കിലോ ഭാരംവരുന്ന ഇന്ധനടാങ്കും ഡമ്മി മിസെയിലുകളുടെ ഭാഗങ്ങളുമാണ്‌ താവളത്തിലിറങ്ങാന്‍ ശ്രമിക്കവേ വേര്‍പെട്ടത്‌. അവശിഷ്ടങ്ങള്‍ 10 സ്ഥലങ്ങളിലായാണ്‌ പതിച്ചതെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ അപകടത്തെ തങ്ങള്‍ ഗൗരവമായി എടുക്കുമെന്നും ഒരു അന്വേഷണത്തിലൂടെ കാരണം കണ്ടെത്തുമെന്നും ജപ്പാന്‍ വ്യോമസേനാ തലവന്‍ ജനറല്‍ ഷിഗേരു ഇവസാക്കി ഒരു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈയില്‍ ഒരു വിമാനം കിഴക്കന്‍ ചൈനീസ്‌ സമുദ്രത്തിലേക്ക്‌ വീണതിനെത്തുടര്‍ന്ന്‌ ഈ ഫ്ലീറ്റുകളുടെ പറക്കല്‍ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ഇതിന്റെ പെയിലറ്റ്‌ മരണപ്പെട്ടുവെങ്കിലും ഇപ്പോഴും കാണാതായി എന്നാണ്‌ രേഖകളിലുള്ളത്‌. അപകടകാരണം ഇതുവരെ വെളിവായിട്ടില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ സുരക്ഷിത പരീക്ഷണങ്ങള്‍ കഴിഞ്ഞശേഷമേ 202എഫ്‌ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കൂ എന്ന്‌ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പഴയ യുദ്ധവിമാനങ്ങള്‍ക്ക്‌ പകരം പുതിയത്‌ വാങ്ങാന്‍ രാജ്യം തയ്യാറെടുക്കവേയാണ്‌ ഇത്തരം സംഭവങ്ങളുണ്ടാകുന്നത്‌. അമേരിക്കന്‍ നിര്‍മിത വിമാനവും യുറോ ഫൈറ്റര്‍ ടൈക്കണുമാണ്‌ എട്ട്‌ ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‌ വാങ്ങാന്‍ ജപ്പാന്‍ പദ്ധതിയിടുന്നത്‌.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick