എലിസബത്ത് താടിക്കാരന്‍ മിസ് കേരള

Sunday 9 October 2011 10:34 am IST

കൊച്ചി: ഈ വര്‍ഷത്തെ മിസ്‌ കേരളയായി എലിസബത്ത്‌ താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലെ മെരിഡിയന്‍ ഹോട്ടലില്‍ നടന്ന മത്സരത്തില്‍ 19 സുന്ദരികളെ പിന്തള്ളിയാണ്‌ കൊച്ചിക്കാരി എലിസബത്ത്‌ കിരീടമണിഞ്ഞത്‌. കൊച്ചിക്കാരിയായ ശ്രുതി നായര്‍ ഫസ്റ്റ്‌ റണ്ണറപ്പും പൂനെയില്‍ താമസിക്കുന്ന മലയാളിയായ മരിയ ജോണ്‍ സെക്കന്‍ഡ്‌ റണ്ണറപ്പുമായി. ബി.ഡി.എസ്‌ വിദ്യാര്‍ത്ഥിനിയായ എലിസബത്ത്‌ വെണ്ണല താടിക്കാരന്‍ വീട്ടില്‍ ചാര്‍ലി താടിക്കാരന്റെയും റാണിയുടെയും മകളാണ്‌. ശനിയാഴ്ച രാത്രി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 19 സുന്ദരിമാരെ പിന്തള്ളിയാണ് എലിസബത്ത് സൗന്ദര്യകിരീടമണിഞ്ഞത്. അഭിമുഖ റൗണ്ടിലെ പ്രകടനത്തോടൊപ്പം വിവിധ ഫാഷന്‍ വെയര്‍ റൗണ്ടുകളില്‍ കാഴ്ചവച്ച മികവുമാണ് ഫൈനലില്‍ എലിസബത്തിന് സൗന്ദര്യ കിരീടമണിയാന്‍ തുണയായത്. സാരി, പാര്‍ട്ടി വെയര്‍, ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു ഫൈനല്‍ മത്സരം. സിനിമാ താരം പൂര്‍ണിമ ഇന്ദ്രജിത്ത്, അന്താരാഷ്ട്ര മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുസഫില്‍, ഫാഷന്‍ ഡിസൈനര്‍ അസ്പിത മാര്‍വ, 2010 ലെ 'മിസ് ഇന്ത്യ' നേഹ ഹിംഗെ, മോഡല്‍ അര്‍ഷിത ത്രിവേദി, ബോളിവുഡ് സംവിധായകന്‍ റോഷന്‍ അബ്ബാസ്, മലയാള സിനിമാ സംവിധായകന്‍ സിദ്ദിഖ് തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.