ഹോം » പൊതുവാര്‍ത്ത » 

മെട്രോ പദ്ധതി വൈകാന്‍ കാരണം കൊച്ചി കോര്‍പ്പറേഷന്‍

October 9, 2011

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി വൈകാന്‍ കാരണം കൊച്ചി കോര്‍പ്പറേഷന്റെ അലംഭാവമാണെന്ന് പ്രോജക്ട് ഡയറക്റ്റര്‍ പി. ശ്രീറാം കുറ്റപ്പെടുത്തി. പദ്ധതി പ്രദേശം കടന്നു പോകുന്ന സ്ഥലങ്ങളിലെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും കോര്‍പറേഷന്‍ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍നിര്‍മിക്കേണ്ട പാലങ്ങള്‍ കൃത്യസമയത്ത്‌ കൈമാറാന്‍ നഗരസഭയ്ക്ക്‌ കഴിഞ്ഞില്ല. പണി ആരംഭിക്കുമ്പോള്‍ ഗതാഗതം തിരിച്ചുവിടേണ്ട റോഡുകളുടെ അറ്റകുറ്റപ്പണി വൈകുകയാണെന്നും ശ്രീറാം പറഞ്ഞു. നോര്‍ത്ത് മേല്‍പ്പാലം പുനര്‍നിര്‍മാണം 18 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും പി. ശ്രീറാം അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രോജക്റ്റ് ഡയറക്റ്ററുടെ വിമര്‍ശനം വസ്തുതാ വിരുദ്ധമെന്നു കൊച്ചി മേയര്‍ ടോണി ചിമ്മണി പറഞ്ഞു. നഗരസഭ എല്ലാ സഹായവും നല്‍കുന്നുണ്ട്. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു മുന്‍പു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നടപടി ശരിയായില്ലെന്നും മേയര്‍ അറിയിച്ചു.

നോര്‍ത്ത് പാലത്തില്‍ ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്ന പാലമാണ് ആദ്യ ഘട്ടത്തില്‍ പൊളിച്ചു മാറ്റുന്നത്. ഈ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം പിന്നീടു പ്രധാന പാലവും പൊളിച്ചുപണിയും. നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും.

Related News from Archive
Editor's Pick