കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സര്‍ക്കാര്‍ ഇക്കുറിയും ഒരുക്കുന്നത് യാത്രാദുരിതം. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരില്‍ ഏറിയ പങ്കും ആശ്രയിക്കുന്നത് കെഎസ്ആര്‍ടിസി ബസുകളെയാണ്. കഴിഞ്ഞ കാലങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഭൂരിപക്ഷവും പുതിയ കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇക്കുറി പുതിയ ബസുകള്‍ നിരത്തിലിറങ്ങാനിടയില്ല.
പ്രതിമാസം 100 പുതിയ ബസുകള്‍ നിരത്തിലിറക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നിലവില്‍ കെഎസ്ആര്‍ടിസിക്ക് ഇതിനുള്ള സംവിധാനമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാവേലിക്കര, എടപ്പാള്‍, പാപ്പനംകോട്, കോഴിക്കോട് അടക്കമുള്ള നിര്‍മ്മാണ യൂണിറ്റുകളില്‍ വേണ്ടത്ര പരിചയസമ്പന്നരായ ജീവനക്കാരോ സാങ്കേതിക തികവുള്ള ഉപകരണങ്ങളോ ഇല്ലെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ബസ് നിര്‍മ്മാണത്തിന് മതിയായ ചെയ്സുകള്‍ ലഭിച്ചാലും നിരത്തിലിറക്കാന്‍ കഴിയുംവിധം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഏറെ സമയം പിടിക്കും. അതുകൊണ്ടുതന്നെ ഈ തീര്‍ത്ഥാടനക്കാലത്ത് പുതിയ ബസുകള്‍ നിരത്തിലിറങ്ങാനിടയില്ല.
നിലവിലുള്ള ബസുകള്‍ ശബരിമല സര്വ്വീസിനയച്ചാലും മലയോരമേഖലയില്‍ സുരക്ഷിത സര്‍വ്വീസ് നടത്തുന്നതിന് പര്യാപ്തമായ ബസുകളുടെ എണ്ണവും കുറവാണ്. ശബരിമല തീര്‍ത്ഥാടനക്കാലത്ത് അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ധാരാളമായി നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പതിരാകാനാണിട. വേണ്ടത്ര ബസുകള്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ത്തന്നെ പല ഡിപ്പോകളില്‍ നിന്നുമുള്ള അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. കോട്ടയം ഡിപ്പോയില്‍നിന്നും കോയമ്പത്തൂരിനുള്ള അന്തര്‍സംസ്ഥാന സര്‍വ്വീസ് നിലച്ചിട്ട് ദിവസങ്ങളായി. മൈസൂര്‍ സര്‍വ്വീസും പലദിവസങ്ങളിലും മുടങ്ങുന്നു. മറ്റു പല ഡിപ്പോകളിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് ജീവനക്കാര്‍ പറയുന്നു. വേണ്ടത്ര സ്പെയര്‍ പാര്‍ട്സുകളും ടയറുമില്ലാത്തതിനാല് എല്ലാ ഡിപ്പോകളിലും നിരവധി ബസുകള്‍ കട്ടപ്പുറത്താണ്.
കോട്ടയം ഡിപ്പോയില്‍ 20 ബസുകള്‍ കട്ടപ്പുറത്തുണ്ട്. ഈ ഡിപ്പോയിലെ തന്നെ 9 ബസുകള്‍ മറ്റു ഡിപ്പോകളില്‍ കട്ടപ്പുറത്തുണ്ട്. കോട്ടയത്തുതന്നെ മറ്റു ഡിപ്പോകളിലെ പത്തോളം ബസുകള്‍ കട്ടപ്പുറത്താണ്. എറണാകുളത്ത് 25ഉം കൊട്ടാരക്കരയില്‍ 26ഉം വൈക്കത്ത് 17ഉം പത്തനംതിട്ടയില്‍ 15ഉം ബസുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്.
ശബരിമല സര്‍വ്വീസിനായി നിലവില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ പിന്‍വലിക്കുന്നതോടെ സംസ്ഥാനത്തുടനീളം ദീര്‍ഘദൂര സര്‍വ്വീസുകളടക്കം മുടങ്ങാനുമിടയാകും. ഫലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുഖയാത്രയെന്നത് സ്വപ്നം മാത്രമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: