നിങ്ങളുടെ ആത്മാവിനെ സംബന്ധിച്ച മൗലികതത്വം അറിയുന്നില്ലെങ്കില്‍ പരമാത്മാവിനോടും സഹജീവികളോടും ആത്മഭാവേന നിങ്ങള്‍ക്കുള്ള ബന്ധവും ബന്ധുത്വവും അറിയുവാന്‍ സാദ്ധ്യമല്ല. ആത്മജ്ഞാനമാണ് സദാചാരപരമായ പെരുമാറ്റത്തിന്റെയും ധര്‍മ്മനിഷ്ഠയുടെയും ഈശ്വരഭക്തിയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഗൃഹത്തിലും സമൂഹത്തിലും ഐക്യം പുലര്‍ത്തിക്കൊണ്ടുള്ള പ്രശാന്ത ജീവിതത്തിന്റെയും അടിസ്ഥാനം.
ആത്മസത്യം നിങ്ങളുടെ പ്രജ്ഞയില്‍ പ്രകാശിക്കണം. ആത്മസ്മൃതി ഉദയംചെയ്യുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് കര്‍ത്തവ്യനിരതരും നിസ്സംഗരുമായി ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ. കര്‍ത്തവ്യബോധം മഹത്തായ ഒരു മാനുഷിക ഗുണമാണ്. തന്നോടും ഈശ്വരനോടും സഹജീവികളോടും തനിക്കുള്ള കടകകള് നിര്‍വഹിക്കാനുള്ള സൗകര്യം മനുഷ്യനുമാത്രം ലഭിച്ചിട്ടുള്ള ഒരു അനുഗ്രഹമാണ്.
ഈശ്വരനുമായി ഐക്യം വ്യാപിക്കുകയാണു പരമമായ മനുഷ്യധര്‍മ്മം. ജീവിതത്തിലെ വിവിധാവസ്ഥകളിലുള്ള മറ്റു ധര്‍മ്മങ്ങളെല്ലാം ഈശ്വരസാക്ഷാത്കാരം സാധിക്കുക എന്ന പരമമായ ധര്‍മ്മത്തിന്റെ നിര്‍വഹണത്തിന് നിങ്ങളെ പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ച്കൊണ്ടുള്ളവയാണ്. സ്വന്തം കര്‍ത്തവ്യങ്ങളോട് നിഷ്ഠ പുലര്ത്തുന്നവന് ധാരാളം ഉണ്ടായിരിക്കാം.
പക്ഷേ, അവര്‍ക്ക് ആദ്ധ്യാത്മീകമായ പ്രചോദനമില്ലെങ്കില്‍ ലക്ഷ്യം ഈശ്വരസാക്ഷാത്കാരമല്ലെങ്കില് അത്തരം കര്ത്തവ്യപരായണത്തെ ആദ്ധ്യാത്മിക സാധനയായി പരിഗണിക്കുവാന്‍ പാടില്ല. ജീവിതലക്ഷ്യത്തെ ഈശ്വരനില്‍ സുപ്രതിഷ്ഠിതമാക്കിക്കൊണ്ട് ഈശ്വരോന്മുഖമായി ചരിച്ച് തുടങ്ങുമ്പോള്‍ മാത്രമാണ് സാധന സമാരംഭിക്കുന്നത്.
ഓരോരുത്തരും ജന്മമെടുക്കുന്നത് സ്വധര്‍മ്മം, ധാര്‍മ്മികമായ കര്‍ത്തവ്യം സാമൂഹിക കടപ്പാട് ഇവയോടുകൂടിയാണ്. ഈശ്വരാവതാരങ്ങളും മുക്തപുരുഷന്മാരും കര്ത്തവ്യത്തിന്നതീതരാണ്. എങ്കിലും അവര്‍ ഭൂമിയിലേക്ക് അവതരണം ചെയ്യുമ്പോള്‍ സ്വയം കര്ത്തവ്യമേറ്റെടുക്കുകയും മനുഷ്യരാശിയുടെ നന്മക്കായി കര്‍മ്മനിരതരാവുകയും ചെയ്യുന്നു.
– ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: