ഹോം » പ്രാദേശികം » എറണാകുളം » 

വേജ്ബോര്‍ഡ്‌: പത്രപ്രവര്‍ത്തകരുടെ ഉപരോധം നാളെ

October 9, 2011

കൊച്ചി: മാധ്യമസ്ഥാപനങ്ങളിലെ വേതനം ഉടന്‍ പരിഷ്കരിക്കുക, ജസ്റ്റിസ്‌ മജീദിയ വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും നാളെ എറണാകുളം ജെട്ടിയിലെ ടെലിഫോണ്‍ എക്സ്ചേഞ്ച്‌ ഉപരോധിക്കും.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ), കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ്‌ ഫെഡറേഷന്‍ (കെ.എന്‍.ഇ.എഫ്‌) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ ഉപരോധസമരം. രാവിലെ 9 ന്‌ ആരംഭിക്കുന്ന ഉപരോധം മുന്‍ എം.പി ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പി. രാജീവ്‌ എം.പി, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍, ബി.എം.എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എന്‍. നഗരേഷ്‌, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.കെ. അഷ്‌റഫ്‌, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.സി. രാജഗോപാല്‍, സംസ്ഥാന സെക്രട്ടറി അഭലാഷ്‌ ജി. നായര്‍, ന്യൂസ്‌ പേപ്പര്‍ എംപ്ലോയീസ്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.എന്‍. ലതാനാഥന്‍, ട്രഷറര്‍ ഗോപന്‍ നമ്പാട്ട്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.
പാലക്കാട്‌, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പത്രപ്രവര്‍ത്തകരും ജീവനക്കാരും ഉപരോധത്തില്‍ പങ്കെടുക്കുമെന്ന്‌ കെ.യു.ഡബ്ല്യു.ജെകെ.എന്‍.ഇ.എഫ്‌ ഭാരവാഹികള്‍ അറിയിച്ചു. പത്തുമാസം മുമ്പ്‌ സമര്‍പ്പിച്ച വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ ഉപരോധം സംഘടിപ്പിക്കുന്നത്‌.

Related News from Archive
Editor's Pick