ഹോം » വാര്‍ത്ത » 

ദയാനിധി മാരനെതിരെ സി.ബി.ഐ കേസെടുത്തു

October 10, 2011

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെയും അദ്ദേഹത്തിന്റെ സഹോദരനും സണ്‍ ടെലിവിഷന്‍ മേധാവിയുമായ കലാനിധി മാരന്റെയും വസതികളില്‍ സി.ബി.ഐ റെയ്ഡ്. ഇരുവര്‍ക്കും എതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ ചെന്നൈ, ഡല്‍ഹി, ഹൈദരബാദ് എന്നിവടങ്ങളിലെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ്.

പുലര്‍ച്ചെ അഞ്ചു മണി മുതലാണു റെയ്ഡ് തുടങ്ങിയത്. എയര്‍സെല്‍- മാക്സിസ് ഇടപാടില്‍ ദയാനിധി മാരനെതിരേ കേസെടുത്തിരുന്നു. എയര്‍സെല്‍ മുന്‍ ഉടമ സി. ശിവശങ്കരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാരന്‍ സഹോദരന്മാര്‍ക്കെതിരേ അന്വേഷണം നടക്കുന്നത്. എ. രാജയ്ക്ക് പിന്നാലെ 2 ജി. കേസില്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ മുന്‍ ടെലികോം മന്ത്രിയാണ് ദയാനിധി മാരന്‍.

ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്റെ കാലത്താണ് വിവാദ 2ജി സ്പെക്ട്രം ഇടപാടിന്റെ തുടക്കം. എയര്‍സെല്‍ കമ്പനിയുടെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടു മാരനെതിരേ ആരോപണമുയര്‍ന്നിരുന്നു. ടെലികോം മന്ത്രിയായിരിക്കെ എയര്‍ സെല്ലിന്റെ ഓഹരികള്‍ മാക്സിസിനു കൈമാറാന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. ഓഹരി കൈമാറും വരെ എയര്‍സെല്ലിനു യുനിഫൈഡ് അക്സസ് ലൈസന്‍സ് നല്‍കിയില്ല. എയര്‍സെല്‍ ഓഹരി വിറ്റു മൂന്നു മാസത്തിനുള്ളില്‍ മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിയില്‍ മാക്സിസ് 20 ശതമാനം നിക്ഷേപമിറക്കി.

മന്ത്രിയായിരിക്കെ ബിഎസ്എന്‍എലിന്റെ 300 ലൈനുകള്‍ സണ്‍ ടി.വിക്കു വേണ്ടി ഉപയോഗിച്ചെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചെന്നൈ ബോട്ട് ഹൗസിലെ വസതിയില്‍ മാരന്‍ നിയമവിരുദ്ധമായി എക്സ്ചെയിഞ്ച് പ്രവര്‍ത്തിപ്പിച്ചതാണ് വിവാദമായത്. ടിവി വാര്‍ത്തകളും പരിപാടികളും ആഗോള തലത്തില്‍ സംപ്രേഷണം ചെയ്യാന്‍ ഈ ലൈനുകള്‍ ഉപയോഗിച്ചുവെന്നു കണ്ടെത്തിയിരുന്നു.

മാക്‌സിസ് ഗ്രൂപ്പിലെ ടി.അനന്ദകൃഷ്ണന്‍, റാല്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരുടെ വസതികളിലും റെയ്ഡ് നടക്കുകയാണ്. എന്നാല്‍ എഫ്.ഐ.ആറില്‍ പേര് ചേര്‍ത്തിട്ടില്ലാത്ത അപ്പോളോ ആശുപത്രി ഡയറക്ടര്‍ സുനിത റെഡ്ഡിയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick