ഹോം » പൊതുവാര്‍ത്ത » 

കോഴിക്കോട് എഞ്ചി.കോളേജില്‍ സംഘര്‍ഷം ; പി. ബിജുവിന് പരിക്ക്

October 10, 2011

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി ബിജുവിന് ഗുരുതരമായി പരിക്കേറ്റു.

അനധികൃതമായി പ്രവേശനം നല്‍കിയ നിര്‍മ്മല്‍ മാധവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ ഉപരോധ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പി.ബിജു സമരം ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഘര്‍ഷമുണ്ടായത്. നിര്‍മ്മല്‍ മാധവ് പ്രശ്നത്തില്‍ കഴിഞ്ഞ രണ്ട് മാസമായി എസ്.എഫ്.ഐ സമരത്തിലായിരുന്നു.

ഇന്ന് കോളേജിലെത്തിയ നിര്‍മ്മല്‍ മാധവിന് ഹൈക്കോടതി ഇടപ്പെട്ട് പോലീസ് സംരക്ഷണം എര്‍പ്പെടുത്തിയിരുന്നു. നിര്‍മ്മല്‍ മാധവിനെ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുന്നത് തടയാനാണ് കോളേജിന് മുന്നില്‍ എസ്.എഫ്.ഐ ഉപരോധ സമരം നടത്തിയത്.. എന്നാല്‍ നിര്‍മ്മല്‍ മാധവിനെ നേരത്തേതന്നെ ക്യാമ്പസിനുള്ളില്‍ പോലീസ് പ്രവേശിപ്പിച്ചിരുന്നു. ഇതറിഞ്ഞ പ്രതിഷേധക്കാര്‍ കോളേജിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്.

പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പി.ബിജുവിന്റെ തലയ്ക്ക് പരിക്കേറ്റതോടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ രൂക്ഷമായ കല്ലേറ് നടത്തി. ഇതേത്തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

Related News from Archive
Editor's Pick