സണ്‍ ടി.വി ഓഹരികളില്‍ വന്‍ ഇടിവ്

Monday 10 October 2011 2:35 pm IST

മുംബൈ: മാരന്‍ സഹോദരന്മാരുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ് ആരംഭിച്ചത് സണ്‍ ടി.വി ഓഹരികളില്‍ വന്‍ ഇടിവുണ്ടാക്കി. വ്യാപാരം ആരംഭിച്ചപ്പോള്‍ ഏഴു ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരന്‍റെയും സഹോദരന്‍ കലാനിധി മാരന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സണ്‍ ടിവി നെറ്റ് വര്‍ക്ക്. മാരന്‍ സഹോദരന്മാരുടെ ന്യൂദല്‍ഹി, ഹൈദരാബാദ്, ചെന്നൈ വസതികളിലാണ് സിബിഐ റെയ്ഡ് പുരോഗമിക്കുന്നത്. കൂടാതെ അപ്പോളോ ഗ്രൂപ്പ് ഉടമ സുനീത റെഡ്ഡിയുടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് അപ്പോളൊ ഹോസ്പിറ്റല്‍ എന്‍റര്‍പ്രൈസസിന്‍റെ ഓഹരിയില്‍ 1.5 ശതമാനം ഇടിവു രേഖപ്പെടുത്തി. 2ജി സ്പെക്ട്രം കേസില്‍ ഉള്‍പ്പെട്ട മലേഷ്യന്‍ കമ്പനി മാക്സിസില്‍ സുനീതയ്ക്ക് 26 ശതമാനം ഓഹരി വിഹിതമുണ്ട്. എയര്‍സെല്ലിന്റെ മേജര്‍ ഷെയര്‍ മാക്സിസിന് കൈമാറാന്‍ അന്നത്തെ ടെലികോം മന്ത്രി ദയാനിധിമാരന്‍ നിര്‍ബന്ധിച്ചതായി മുന്‍ മേധാവി സി. ശിവശങ്കരന്‍ സി.ബി.ഐയ്ക്കു മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാരന്‍ സഹോദരന്മാര്‍ക്കെതിരേ സി.ബി.ഐ അന്വേഷണം നടത്തുന്നത്.