ഹോം » പൊതുവാര്‍ത്ത » 

കസബിന്റെ വധശിക്ഷക്ക്‌ സ്റ്റേ

October 10, 2011

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ (26/11) മുഖ്യപ്രതിയും പാക്‌ ഭീകരനുമായ അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. 200ലേറെപ്പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണക്കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷ കസബിന്റെ വാദം കേള്‍ക്കാതെ നടപ്പാക്കാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സ്റ്റേ.
വധശിക്ഷ അസാധുവാക്കണമെന്നാവശ്യപ്പെട്ട്‌ കസബ്‌ നല്‍കിയ ഹര്‍ജിയില്‍ ജനുവരി 31 ന്‌ വിധി പറയുമെന്ന്‌ ജസ്റ്റിസുമാരായ അഫ്താബ്‌ ആലം, രഞ്ജനപ്രകാശ്‌ ദേശായി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്‌ വ്യക്തമാക്കി. കസബിന്റെ ഹര്‍ജി മുന്തിയ പരിഗണനയോടെ തീര്‍പ്പാക്കാനും ബെഞ്ച്‌ തീരുമാനിച്ചു. എല്ലാ വാദങ്ങളും നവംബര്‍ 30 ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്‌ മഹാരാഷ്ട്ര സര്‍ക്കാരിനും കോടതിയെ സഹായിക്കുന്ന (അമിക്കസ്ക്യൂറി) അഭിഭാഷകന്‍ രാജു രാമചന്ദ്രനും നോട്ടീസയക്കാനും കോടതി നിര്‍ദേശിച്ചു. ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷ ചോദ്യംചെയ്ത്‌ ജയില്‍ അധികൃതര്‍ മുഖേനയാണ്‌ 26/11 കേസിലെ ഏക പ്രതിയായ കസബ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. 26/11 കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം, നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) നിയമത്തിന്റെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്‌ പാക്‌ ഭീകരന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചത്‌. കസബിന്റെ അപേക്ഷയെത്തുടര്‍ന്നാണ്‌ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ്ക്യൂറിയായി സുപ്രീംകോടതി നിയമിച്ചത്‌. യാതൊരു വിധത്തിലുള്ള പരിഗണനയും കസബ്‌ അര്‍ഹിക്കുന്നില്ലെങ്കിലും എല്ലാവര്‍ക്കും നീതി കിട്ടാനുള്ള അവസരമൊരുക്കേണ്ട കടമ നമ്മുടെ നീതിന്യായ സംവിധാനത്തിനുണ്ടെന്ന്‌ ബെഞ്ച്‌ പറഞ്ഞു.
ഫാഹിം, സബാവുദ്ദീന്‍ എന്നീ രണ്ട്‌ ഭീകരരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം മെയ്‌ ആറിനാണ്‌ പ്രത്യേക ഭീകരവിരുദ്ധ കോടതി കസബിന്‌ വധശിക്ഷ വിധിച്ചത്‌. ഇതിനിടെ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാത്ത കേന്ദ്ര നടപടിയെ വിഎച്ച്പി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഭായ്‌ തൊഗാഡിയ അപലപിച്ചു.

Related News from Archive
Editor's Pick