നിരവധി കേസുകളിലെ പ്രതികളായ മൂന്നുപേര്‍ പിടിയില്‍

Tuesday 28 June 2011 12:23 pm IST

അങ്കമാലി: കൊലപാതകം, കവര്‍ച്ച, വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതികളായ മൂന്ന്പേരെ അങ്കമാലി സിഐ. ജെ. കുര്യാക്കോസും സംഘവും അറസ്റ്റ്‌ ചെയ്തു. തൃശ്ശൂര്‍ മാടക്കത്തറപറമ്പില്‍ വീട്ടില്‍ കുട്ടന്‍ മകന്‍ സതീഷ്‌ (30) ചെറായി വെളിയംകോട്‌ അശോകന്‍ മകന്‍ പച്ചു എന്നുവിളിക്കുന്ന പ്രവീണ്‍ (28) ചെറായി പള്ളിപ്പുറം നികത്തില്‍ വീട്ടില്‍ പുരുഷന്‍ മകന്‍ അരുണ്‍ (33) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. ഇന്നലെ പുലര്‍ച്ചെ പട്രോളിംഗിനിടെ മൂക്കന്നൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്കിന്‌ അടുത്ത്‌ വച്ച്‌ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോഴാണ്‌ പിടികൂടിയത്‌. പ്രതികളില്‍ സതീഷ്‌ 2010 ല്‍ തൃശൂര്‍ വീയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ച്‌ രഞ്ചിത്‌ എന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെ വെട്ടിച്ച്‌ മുങ്ങിനടക്കുന്ന വ്യക്തിയാണ്‌. തൃശൂര്‍ മുനമ്പം സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയായ പച്ചുഎന്നുവിളിക്കുന്ന പ്രവീണ്‍ ചെറായില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും പേടിസ്വപ്നമാണ്‌. ഇവിടെ വരുന്ന വിനോദസഞ്ചാരികളെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി പണം അപഹരിച്ച നിരവധി സംഭവങ്ങള്‍ ഉള്ളതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. 2005 ല്‍ മുനമ്പം സ്റ്റേഷനിലെ രണ്ട്‌ വധശ്രമകേസുകളിലും 2006 ലെ രണ്ട്‌ കവര്‍ച്ചകേസുകളിലും ബോംബ്‌ എറിഞ്ഞ്‌ വധിക്കാന്‍ ശ്രമിച്ച കേസിലെയും 2011 ല്‍ തൃശൂര്‍ ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു കവര്‍ച്ചകേസിലെയും പ്രതിയാണ്‌. കൂടാതെ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്‌. മറ്റൊരു പ്രതിയായ അരുണ്‍ 2003 ല്‍ മുനമ്പം സ്റ്റേഷനിലെ കൊലപാതകശ്രമ കേസുകളില്‍ 5 വര്‍ഷം ശിക്ഷലഭിച്ചെങ്കിലും ജാമ്യത്തിലായിരുന്നു. 2006 ല്‍ രണ്ട്‌ കവര്‍ച്ചാകേസുകളിലും 2011 ല്‍ ഒരു കവര്‍ച്ചാകേസും നിരവധി അടിപിടി കേസുകളും മുനമ്പം സ്റ്റേഷനില്‍ ഈയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.