'മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ വ്യവസ്ഥയില്ല'

Monday 10 October 2011 11:34 pm IST

പുതുപ്പള്ളി: ഭാരതീയ മൂല്യങ്ങള്‍ പഠിപ്പിക്കുവാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ വ്യവസ്ഥയില്ലാത്തതാണ്‌ ഇന്ന്‌ നേരിടുന്ന അപചയങ്ങള്‍ക്ക്‌ കാരണമെന്ന്‌ ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ പുതുപ്പള്ളി, വാകത്താനം മണ്ഡലങ്ങളുടെ വിജയദശമി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ പ്രമുഖമായ പല രാഷ്ട്രീയ കക്ഷികളും ഭാരതം ഒരൊറ്റ രാഷ്ട്രമാണെന്ന്‌ അംഗീകരിക്കാന്‍ തയ്യാറാകാത്തവരാണ്‌. ൧൯൪൨ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഭാരതം ൧൬ രാഷ്ട്രങ്ങളുടെ സമുച്ചയമാണെന്ന്‌ പ്രമേയം പാസ്സാക്കി. ൧൯൪൦ല്‍ മുസ്ളീം ലീഗ്‌ ഭാരതം രണ്ടുരാഷ്ട്രമാണെന്ന്‌ വാദിച്ചു. ൧൯൪൭ല്‍ കോണ്‍ഗ്രസ്‌ ഭാരതത്തെ രണ്ടായി വിഭജിക്കുന്ന പ്രമേയം പാസ്സാക്കി. സ്കൂളുകളില്‍ നമ്മുടെ സാംസ്കാരിക മൂല്യങ്ങളെന്നും പഠിപ്പിക്കാതായി. തത്ഫലമായി അഴിമതി, രാഷ്ട്രസ്നേഹമില്ലായ്മ, സ്ത്രീത്വത്തോട്‌ ബഹുമാനമില്ലായ്മ, പ്രകൃതിസ്നേഹമില്ലായ്മ തുടങ്ങിയ ദുര്‍ഗ്ഗുണങ്ങള്‍ ജനതതിയില്‍ വ്യാപിച്ചു. അഴിമതി അന്വേഷിക്കുന്ന ചീഫ്‌ വിജിലന്‍സ്‌ കമ്മീഷണര്‍ അഴിമതികാരനാണെന്ന്‌ ആരോപണമുയരുന്നു. എല്ലാവര്‍ക്കും നീതി ലഭിക്കേണ്ട സുപ്രീംകോടതിയുടെ മുന്‍ ചീഫ്‌ ജസ്റ്റിസും ആരോപണവിധേയനാണ്‌. ഗുണവാന്‍മാരായ വ്യക്തികളെ നിര്‍മ്മിക്കുന്നതിലൂടെ മാത്രമേ രാഷ്ട്രത്തിണ്റ്റെ വൈഭവം സാദ്ധ്യമാകൂ. അതാണ്‌ സംഘം നിത്യശാഖയിലൂടെ ചെയ്യുന്നത്‌.