ഹോം » പ്രാദേശികം » എറണാകുളം » 

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും ചികിത്സ ലഭ്യമാക്കും

June 28, 2011

കൊച്ചി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാരുടെ സേവനസമയം തിട്ടപ്പെടുത്തി പുനക്രമീകരിക്കാന്‍ നടപടിയെടുക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. ഹോസ്പിറ്റല്‍ മാനേജ്മെന്റ്‌ കമ്മറ്റിയെ ഉള്‍പ്പെടുത്തി അതത്‌ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത്‌ നടപടികള്‍ കൈകൊള്ളണം. ഇതിലൂടെ ജില്ലയിലെ ആരോഗ്യ മേഖലയില്‍ അനിവാര്യമായ മാറ്റം ഉണ്ടണ്ടാക്കാനാവുമെന്നും ഇത്തരത്തില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി എന്‍.ആര്‍.എച്ച്‌.എം സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.<br/>
ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ അപര്യാപ്തതയെ കുറിച്ച്‌ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ബോധവല്‍ക്കരണത്തിന്‌ കോളേജ്‌ തലത്തില്‍ കുട്ടികള്‍ക്കായി സെമിനാറുകള്‍ സംഘടിപ്പിക്കും. ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ്‌ മുഖ്യ ലക്ഷ്യം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും രോഗികള്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു.<br/>
ഈ വര്‍ഷം ജില്ലയില്‍ 75-ഓളം മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഓരോ പഞ്ചായത്തിലും രണ്ട്‌ വീതം സ്കൂളുകള്‍ തെരഞ്ഞെടുത്ത്‌ സ്കൂള്‍തല ആരോഗ്യ പദ്ധതിയും നടപ്പിലാക്കും. കഴിഞ്ഞ വര്‍ഷം ഓരോ സ്കൂള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. കുട്ടികള്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌, ആരോഗ്യ ബോധവല്‍കരണ ക്ലാസ്സുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാനും നിര്‍ദ്ദേശിച്ചു. ഹെല്‍ത്ത്‌ ക്ലബ്ബുകള്‍ വ്യാപിപ്പിക്കുന്നതിനാവശ്യമായ നടപടി ഉടന്‍ കൈകൊള്ളും. കൗമാരക്കാര്‍ക്കായി സഞ്ചരിക്കുന്ന കൗമാര ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ഇതിലൂടെ ആവശ്യമായ പ്രാഥമിക ചികിത്സയും, കൗണ്‍സലിങ്ങുമെല്ലാം ലഭ്യമാക്കുമെന്ന്‌ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി.ബീന പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ്‌ കീയര്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും വ്യാപിപ്പിക്കും. <br/>
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങല്‍ പ്രോഗ്രാം ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌, ഡി.എം.ഒ ഡോ.ആര്‍ സുധാകരന്‍, ഡോ.ഹസീന, മുനിസിപ്പല്‍, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick