സിര്‍ത്തില്‍ അന്തിമ പോരാട്ടം

Tuesday 11 October 2011 11:32 am IST

ട്രിപ്പോളി: ലിബിയയില്‍ പോരാട്ടം അന്തിമഘട്ടത്തിലെത്തിയെന്നും സിര്‍ത്തിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുക്കുമെന്നും ദേശീയ പരിവര്‍ത്തനസേന അവകാശപ്പെട്ടു. വിമതരുടെ അധീനതയിലായ ബാനിവാലദില്‍ പോരാട്ടം തുടരുകയാണ്. സിര്‍ത്ത് പിടിച്ചെടുത്താലുടന്‍ ലിബിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്നും വിമതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന പോരാട്ടത്തില്‍ സിര്‍ത്തിലെ പ്രധാന ആശുപത്രി വിമത സൈന്യം അധീനതയിലാക്കിയിരുന്നു. നഗരകേന്ദ്രമായ കോണ്‍ഫറന്‍സ് സെന്ററും സര്‍വ്വകലാശാലയും കഴിഞ്ഞ ദിവസം വിമതര്‍ പിടിച്ചടക്കിയിരുന്നു. ഗദ്ദാഫി അനുകൂലികളുടെ ശക്തമായ ചെറുത്തുനില്‍പ്പിനിടെയാണ് വിമതരുടെ മുന്നേറ്റമെങ്കിലും ദിവസങ്ങള്‍ പിന്നിട്ടതോടെ ചെറുത്ത് നില്‍പ്പ് ദുര്‍ബലമാവുകയാണ്. ഇത് ഗദ്ദാഫി പക്ഷത്തിന്റെ അവസാന ചെറുത്തു നില്‍പ്പായാണ് വിമതരുടെ വിലയിരുത്തല്‍. ഗദ്ദാഫിയുടെ ശക്തികേന്ദ്രമയ ബാനി വാലിദില്‍ വിമതര്‍ ആധിപത്യം നേടിയെങ്കിലും പോരാട്ടം തുടരുകയാണ്. ഒട്ടേറെ ഗദ്ദാഫി അനുകൂലികള്‍ വിമത സേനയുടെ പിടിയിലാണ്. സിര്‍ത്തില്‍ സിംഹഭാഗവും തങ്ങള്‍ മുന്നേറിയെന്നും സിര്‍ത്തിന് വേണ്ടിയുള്ള പോരാട്ടം അവസാനിക്കാറാ‍യെന്നുമാണ് ദേശീയ പരിവര്‍ത്തനസേനയുടെ വാദം.