ഹോം » ഭാരതം » 

വേജ് ബോര്‍ഡ്: പത്ര ഉടമകള്‍ കത്തയച്ചത് സുപ്രീംകോടതി വിമര്‍ശിച്ചു

October 11, 2011

ന്യൂദല്‍ഹി: വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യ, ആനന്ദ ബസാര്‍ പത്രിക, യു.എന്‍.ഐ എന്നീ സ്ഥപന ഉടമകള്‍ കത്തയച്ചതിനെ സുപ്രീംകോടതി വിമര്‍ശിച്ചു. കേന്ദ്ര തൊഴില്‍ സെക്രട്ടറിക്കാണ് കത്തയച്ചത്.. കോടതി ഇടപെടലിനെ തുടര്‍ന്ന് കത്തു പിന്‍വലിക്കാമെന്ന് മാധ്യമ ഉടമകള്‍ ബോധിപ്പിച്ചു.

കോടതിയുടെ തീരുമാനം വരുന്നതുവരെ വേജ് ബോര്‍ഡ് റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് കത്തയച്ചതാണ് വിവാദമായത്. കത്തയച്ച നടപടി അനാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. അനുയോജ്യമായ ഭാഷയിലല്ല കത്തെഴുതിയിരിക്കുന്നത്. ശുപാര്‍ശകള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മാധ്യമ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. ഇതിന്റെ പശ്ചാത്തലത്തില്‍ കത്തു പിന്‍വലിക്കാന്‍ അവര്‍ അനുമതി തേടി.

പത്രപ്രവര്‍ത്തകര്‍ക്കായുള്ള ജസ്റ്റിസ് മജീദിയ കമ്മിഷന്റെ ശുപാര്‍ശകള്‍ പാലിക്കില്ലെന്ന് കത്തില്‍ പറയുന്നു. കോടതി പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ അവകാശമില്ലെന്നും അവര്‍ വാദിച്ചു. അതേസമയം വേജ് ബോര്‍ഡ് റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുക്കുംവരെ ഇടപെടില്ലെന്ന് സിപ്രീം കോടതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള റിപ്പോര്‍ട്ടിന്മേല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നും അതേസമയം വേജ് ബോര്‍ഡ് തീരുമാനങ്ങള്‍ കോടതിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരടങ്ങിയ ബഞ്ച് അഭിപ്രയപ്പെട്ടു. സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടിന്മേല്‍ പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം.

പത്ര ഉടമകളുടെ ഹര്‍ജിക്കെതിരെ സര്‍ക്കാരിനോട് എതിര്‍ സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick