ഹോം » ലോകം » 

സ്റ്റീവ്‌ ജോബ്സിന്റെ മരണത്തിന്‌ കാരണമായത്‌ ശ്വാസതടസ്സമെന്ന്‌ റിപ്പോര്‍ട്ട്‌

October 11, 2011

സാന്‍ഫ്രാന്‍സിസ്കോ: പാന്‍ക്രിയാറ്റിക്‌ ക്യാന്‍സര്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ്‌ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ്‌ ജോബ്സിന്റെ മരണത്തിന്‌ കാരണമായതെന്ന്‌ റിപ്പോര്‍ട്ട്‌. തിങ്കളാഴ്ച പുറത്തുവിട്ട അദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റിലാണ്‌ ഇക്കാര്യമുള്ളത്‌. പാന്‍ക്രിയാറ്റിക്‌ ക്യാന്‍സര്‍ മറ്റ്‌ ആന്തരാവയവങ്ങളിലേക്ക്‌ വ്യാപിച്ചത്‌ മൂലമുണ്ടായ ശ്വാസതടസ്സമാണ്‌ ജോബ്സിന്റെ ജീവനെടുത്തതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.
2004 മുതല്‍ പാന്‍ക്രിയാറ്റിക്‌ ക്യാന്‍സറിന്റെ പിടിയിലായിരുന്ന ജോബ്സ്‌ 2009 ല്‍ കരള്‍ മറ്റീവ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്‌ ആപ്പിളില്‍നിന്നും സ്വമേധയാ വിരമിച്ച അദ്ദേഹം കഴിഞ്ഞ ബുധനാഴ്ചയാണ്‌ അന്തരിച്ചത്‌. സാന്താ ക്ലാര പ്രവിശ്യയിലെ ആരോഗ്യവകുപ്പ്‌ അധികൃതരാണ്‌ ജോബ്സിന്റെ മരണ സര്‍ട്ടിഫിക്കറ്റ്‌ പ്രസിദ്ധപ്പെടുത്തിയത്‌. പാലൊ ആട്ടോയിലെ വസതിയില്‍ വെച്ചാണ്‌ ജോബ്സ്‌ അന്ത്യശ്വാസം വലിച്ചതെന്നും ഇദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയിരുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റിലുണ്ട്‌. ഉന്നത വ്യവസായ സംരംഭകനായിരുന്ന സ്റ്റീവ്‌ ജോബ്സ്‌ എന്നാണ്‌ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതോടൊപ്പം സ്റ്റീവ്‌ ജോബ്സിനെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ ലോകത്തുടനീളമുള്ള ആപ്പിള്‍ സ്ഥാപനങ്ങളില്‍ നടന്നുവരികയാണ്‌. അദ്ദേഹത്തിന്റെ ശവസംസ്ക്കാര ചടങ്ങുകള്‍ രഹസ്യ സ്വഭാവം ഉള്ളതായിരുന്നതിനാല്‍ പല സുഹൃത്തുക്കള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Related News from Archive
Editor's Pick