ഹോം » വാര്‍ത്ത » ഭാരതം » 

തെലുങ്കാന: കര്‍ണാടകയിലും വൈദ്യുതി നിയന്ത്രണം

October 11, 2011

ബംഗളൂരു: തെലുങ്കാന പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന്‌ ആന്ധ്രയിലെ താപവൈദ്യുത നിലയങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ച സാഹചര്യത്തില്‍ കര്‍ണാടകത്തിലും വൈദ്യുത പ്രതിസന്ധി രൂക്ഷമായി. വേണ്ടത്ര വൈദ്യുതി ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന്‌ കര്‍ണാടകയിലുടനീളം ലോഡ്ഷെഡിംഗ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഗ്രാമീണ മേഖലകളില്‍ ഒന്‍പത്‌ മണിക്കൂറോളം ലോഡ്ഷെഡിംഗ്‌ ഏര്‍പ്പെടുത്തേണ്ടുന്ന സ്ഥിതിവിശേഷമാണ്‌ നിലവിലുള്ളതെന്ന്‌ വിലയിരുത്തപ്പെടുന്നു.
പ്രത്യേക സംസ്ഥാന രൂപീകരണത്തിനായുള്ള തെലുങ്കാന പ്രക്ഷോഭം അഞ്ചാഴ്ച പിന്നിട്ടതിനെത്തുടര്‍ന്നാണ്‌ ആന്ധ്രയില്‍ വൈദ്യുതി ഉല്‍പ്പാദനം താറുമാറായത്‌. താപവൈദ്യുത നിലയങ്ങളിലേക്ക്‌ ആവശ്യമായ കല്‍ക്കരി ലഭ്യമല്ലാത്തതു മൂലം പല നിലയങ്ങള്‍ക്കും ഉല്‍പ്പാദനം വെട്ടിച്ചുരുക്കേണ്ടിവരികയായിരുന്നു. ഇതുമൂലം കര്‍ണാടകയ്ക്ക്‌ നല്‍കി വന്നിരുന്ന വൈദ്യുതിയുടെ അളവിലും കുറവുണ്ടാവുകയായിരുന്നു. ആന്ധ്രയിലുടനീളം വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇതോടൊപ്പം ആന്ധ്രയിലെ താപവൈദ്യുത നിലയങ്ങള്‍ക്ക്‌ കല്‍ക്കരി നല്‍കാന്‍ കേന്ദ്രം മുന്‍കൈയെടുക്കണമെന്ന്‌ കര്‍ണാടക ഊര്‍ജമന്ത്രി ശോഭ കരന്തല്‍ജെ ആവശ്യപ്പെട്ടു. ആഭ്യന്തരതലത്തിലുള്ള വൈദ്യുത ഉല്‍പ്പാദനം വര്‍ധിപ്പിച്ച്‌ എത്രയും പെട്ടെന്ന്‌ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick