ഹോം » പ്രാദേശികം » എറണാകുളം » 

ശ്മശാനഭൂമി കയ്യേറ്റത്തില്‍നിന്ന്‌ അധികൃതര്‍ പിന്മാറണം: ഹിന്ദുസംഘടനാ യോഗം

October 11, 2011

മട്ടാഞ്ചേരി: ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റത്തില്‍നിന്ന്‌ കൊച്ചിന്‍ കോര്‍പ്പറേഷനും സര്‍ക്കാര്‍ ഏജന്‍സികളും പിന്മാറണമെന്ന്‌ ഹിന്ദുസംഘടനാ പ്രതിനിധി യോഗം ആവശ്യപ്പെട്ടു. ഹിന്ദു സ്ഥാപനങ്ങളുടെ ഭൂമിയും സമ്പത്തുക്കളും കയ്യടക്കാനുള്ള നടപടികളില്‍ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പനയപ്പള്ളി ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ 24ഓളം ഹിന്ദുസംഘടനാ ഭാരവാഹി പ്രതിനിധികള്‍ പങ്കെടുത്തു.
കരുവേലിപ്പടി ചക്കനാട്ട്‌ ദേശത്തെ ആറുമുറി ശ്മശാനഭൂമി കയ്യേറ്റം നടത്തിയതില്‍ യോഗം പ്രതിഷേധിച്ചു. ഭൂമി കയ്യേറ്റം അനുവദിക്കുകയില്ലെന്നും ശ്മശാനഭൂമിയില്‍ ശ്വാനവന്ധ്യംകരണ കേന്ദ്രമടക്കമുള്ള വിവിധ പദ്ധതികളില്‍നിന്ന്‌ ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും ഇത്‌ അവഗണിച്ചാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ്‌ നല്‍കി. ആറുമുറി ശ്മശാനഭൂമി കയ്യേറിയത്‌ തിരികെ നല്‍കണമെന്നും ഹൈന്ദവ ശ്മശാനങ്ങളോടുള്ള അവഗണന ഒഴിവാക്കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടും കൊച്ചിന്‍ കോര്‍പ്പറേഷനോടും ആവശ്യപ്പെട്ടു. സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണവകുപ്പ്‌ മന്ത്രി, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍, എംഎല്‍എ, ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക്‌ പരാതി നല്‍കുവാന്‍ യോഗം തീരുമാനിച്ചു.
എസ്‌എന്‍ഡിപി യോഗം ഭാരവാഹി കെ.പി.ചന്ദ്രബോസ്‌ അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ സെക്രട്ടറി സജി, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി സുരേഷ്‌, സ്വാശ്രയ മട്ടാഞ്ചേരി സെക്രട്ടറി കെ.പ്രഭാകരന്‍, എസ്‌.കൃഷ്ണകുമാര്‍, ടി.രാകേഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു. വിഎച്ച്പി കൊച്ചി പ്രഖണ്ഡ്‌ സെക്രട്ടറി കൃഷ്ണകുമാര്‍ പ്രമേയം അവതരിപ്പിച്ചു. ഹൈന്ദവ സംഘടനകളുടെ വിശാലമായ എക്സിക്യൂട്ടീവ്‌ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന്‌ യോഗം ചന്ദ്രബോസ്‌ ചെയര്‍മാനും വി.ആര്‍.നവീന്‍കുമാര്‍ ജനറല്‍ കണ്‍വീനറുമായി കമ്മറ്റി രൂപീകരിച്ചു. ശനിയാഴ്ച വൈകിട്ട്‌ 7 ന്‌ രാമേശ്വരം ക്ഷേത്രം ഹാളില്‍ കമ്മറ്റി യോഗം ചേര്‍ന്ന്‌ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന്‌ ചന്ദ്രബോസ്‌ അറിയിച്ചു.

Related News from Archive
Editor's Pick