ഹോം » കേരളം » 

കാഞ്ഞങ്ങാട്ട്‌ സംഘര്‍ഷം, നിരോധനാജ്ഞ; ദ്രുതകര്‍മ്മസേന രംഗത്ത്‌

October 11, 2011

കാസര്‍കോട്‌: മന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ യോഗത്തോടെ കാഞ്ഞങ്ങാട്ട്‌ ആരംഭിച്ച സംഘര്‍ഷം വ്യാപിക്കുന്നു. ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദ്രുതകര്‍മ്മസേനയെയും വിന്യസിച്ചിട്ടുണ്ട്‌. മുറിയനാവി, മഡിയന്‍, ചാമുണ്ഡിക്കുന്ന്‌, ആറങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിച്ച ലീഗ്‌ അക്രമികള്‍ വീടുകളും വാഹനങ്ങളും നശിപ്പിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആകക്രമിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക്‌ നിത്യാനന്ദ പോളിടെക്നിക്കിലെത്തിയ നൂറില്‍പരം അക്രമികള്‍ അഴിഞ്ഞാടി കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. കാഞ്ഞങ്ങാട്‌, ബേക്കല്‍, അമ്പലത്തറ, പോലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ നിരോധനാജ്ഞ. നഗരത്തില്‍ കടകള്‍ക്ക്‌ നേരെ നിരന്തരം നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട്‌ യൂണിറ്റ്‌ അനിശ്ചിത കാലത്തേക്ക്‌ കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. മുറിയനാവിയില്‍ എ.വി.രാഘവനെ വെട്ടേറ്റ്‌ ഗുരുതരമായ നിലയില്‍ മംഗലാപുരത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമചന്ദ്രന്റെ വീട്‌ അക്രമി സംഘം തീവെച്ചു. മുറിയനാവിയിലെ ഫ്രണ്ട്സ്‌ ക്ലബ്‌, യംങ്മെന്‍സ്‌ ക്ലബ്‌ എന്നിവയും തകര്‍ത്തിട്ടുണ്ട്‌.
സിപിഎം നേതാവ്‌ രാമചന്ദ്രന്റെ സഹോദരനായ എ.വി.രവീന്ദ്രനും ഭാര്യ സുജാതയും അക്രമത്തില്‍ പരിക്കേറ്റ്‌ ജില്ലാ ആശുപത്രിയിലാണ്‌. മഡിയന്‍ കൂലോം ക്ഷേത്രത്തിന്റെ കമാനത്തിന്‌ നേരെയും ആക്രമണമുണ്ടായി. മഡിയനില്‍ ഏതാനും വീടുകള്‍ക്ക്‌ നേരെയും മുസ്ലീം ക്രിമിനലുകള്‍ ആക്രമണം അഴിച്ചു വിട്ടു.
കോട്ടച്ചേരി ട്രാഫിക്‌ സര്‍ക്കിളിനടുത്ത്‌ ഇന്നലെ രാവിലെ ജനക്കൂട്ടത്തിനെതിരെ ഗ്രനേഡ്‌ പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ ഇന്നലെ 10 മണിയോടെ കാഞ്ഞങ്ങാട്‌ നഗരത്തിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ആറങ്ങാടിയില്‍ അക്രമികള്‍ റോഡുകള്‍ ഉപരോധിച്ചു. പുല്ലൂരിലും കാഞ്ഞങ്ങാട്‌ സൗത്തിലും വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണമുണ്ടായി. വാഹനങ്ങള്‍ക്ക്‌ നേരെ അക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസി സര്‍വ്വീസ്‌ പൂര്‍ണമായും നിലച്ചു.
സ്വന്തം ലേഖകന്‍

Related News from Archive
Editor's Pick