ഹോം » പൊതുവാര്‍ത്ത » 

വിഴിഞ്ഞം തുറമുഖം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കില്ല

October 12, 2011

ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍‌ദാസ് പറഞ്ഞു. ഇതോടെ വന്‍‌കിട തുറമുഖങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞം ഉള്‍പ്പെടില്ലെന്ന് ഉറപ്പായി. തുറമുഖത്തിനായി കേരളം പ്രത്യേകം സഹായം ചോദിച്ചെങ്കിലും അതിന് വ്യവസ്ഥയില്ലെന്നും ഷിപ്പിങ് സെക്രട്ടറി അറിയിച്ചു.

കപ്പല്‍ നിര്‍മാണശാലയും തുറമുഖവും നിര്‍മ്മിക്കാന്‍ അനുയോജ്യമായ തുറമുഖങ്ങള്‍ കേരളത്തിലുണ്ടെങ്കില്‍ അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രം കേരളത്തിന്‌ കത്തയച്ചിരുന്നു. ഇതിന്‌ നല്‍കിയ മറുപടിയിലാണ്‌ വിഴിഞ്ഞം തുറമുഖത്തെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്‌.

പുതിയ വന്‍കിട തുറമുഖവും കപ്പല്‍നിര്‍മാണശാലയും ഉള്‍പ്പെടുന്ന പുതിയ പദ്ധതി അനുവദിക്കണമെങ്കില്‍ 4000 ഏക്കര്‍ഭൂമി ലഭ്യമാക്കണമെന്നാണു കേന്ദ്ര നിലപാട്‌. വിഴിഞ്ഞം തുറമുഖത്തിന്‌ ഇത്രയും ഏക്കര്‍ ഭൂമിയില്ല. മാത്രമല്ല വിഴിഞ്ഞം തുറമുഖം പദ്ധതി സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണെന്നും സംസ്ഥാനങ്ങളുടെ ചുമതലയില്‍ വരുന്ന പദ്ധതികള്‍ക്ക്‌ കേന്ദ്രം സഹായം നല്‍കുന്ന സാഹചര്യമില്ലെന്നും മോഹന്‍ദാസ്‌ വ്യക്തമാക്കി.

51 ശതമാനം ഓഹരിയെങ്കിലും കേന്ദ്രത്തിനുണ്ടെങ്കില്‍ മാത്രമേ പദ്ധതി ഏറ്റെടുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick