ഹോം » ഭാരതം » 

തെലുങ്കാന പ്രക്ഷോഭം ഒരു മാസം പിന്നിട്ടു

October 12, 2011

ഹൈദരാബാദ്‌: പ്രത്യേക സംസ്ഥാന രൂപീകരണത്തിനായുള്ള തെലുങ്കാന പ്രക്ഷോഭം ആന്ധ്രയില്‍ ഒരു മാസം പിന്നിട്ടു. തെലുങ്കാന സംയുക്ത കര്‍മ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം നടത്തുന്നത്‌. തെലുങ്കാന മേഖലയില്‍നിന്നുള്ള സര്‍ക്കാര്‍ സ്വകാര്യ ജീവനക്കാരടക്കമുള്ളവര്‍ പണിമുടക്ക്‌ ശക്തമാക്കിയതോടുകൂടി കനത്തവൈദ്യുതി പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങളാല്‍ കലുഷിതമാണ്‌ ആന്ധ്രാപ്രദേശ്‌.
ഇതിനിടെ തെലുങ്കാന പ്രശ്നം സമവായത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുവാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ ഭരണകൂടം മുന്‍കൈയെടുക്കുന്നുണ്ടെങ്കിലും തെലുങ്കാന സംയുക്ത കര്‍മ സമിതി ഇത്തരം നീക്കങ്ങള്‍ക്ക്‌ സഹകരിക്കുകയില്ലെന്നാണ്‌ നിലപാടെടുത്തിട്ടുള്ളത്‌. ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്ക്‌ പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്നാണ്‌ കര്‍മസമിതി നേതാവ്‌ ഗോവിന്ദ്‌ ഗൗഡ്‌ അഭിപ്രായപ്പെട്ടത്‌. ആന്ധ്രാപ്രദേശ്‌ റോഡ്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ഒരു വിഭാഗം ജീവനക്കാരും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ഇത്തരമൊരു സാഹചര്യത്തില്‍ പതിനായിരത്തോളം ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകളാണ്‌ ഗതാഗതം നിര്‍ത്തിവെച്ചിട്ടുള്ളത്‌.
നാലു ജില്ലകളിലെ കല്‍ക്കരി ഖാനികളേയും പ്രക്ഷോഭം ബാധിച്ചതിനാല്‍ ആന്ധ്രയിലുടനീളം വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുകയാണ്‌. താപവൈദ്യുത നിലയങ്ങള്‍ക്ക്‌ വേണ്ടത്ര കല്‍ക്കരി ലഭ്യമല്ലാത്തതിനാല്‍ പല നിലയങ്ങളും ഉല്‍പ്പാദനം വെട്ടിക്കുറച്ചതാണ്‌ പ്രതിസന്ധിക്ക്‌ വഴിവെച്ചത്‌. ആന്ധ്രയിലെ ഗ്രാമീണ മേഖലകളില്‍ പത്തുമണിക്കൂറോളം ലോഡ്ഷെഡിംഗാണ്‌ ദിനവും ഏര്‍പ്പെടുത്തുന്നത്‌. ഇതോടൊപ്പം ആന്ധ്രയില്‍നിന്ന്‌ വൈദ്യുതി വാങ്ങുന്ന കര്‍ണാടക മുതലായ സംസ്ഥാനങ്ങളേയും വൈദ്യുതി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്‌. 1,20,000 ത്തോളം സര്‍ക്കാര്‍ അധ്യാപകരും നാലു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുമാണ്‌ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്‌. തെലുങ്കാന മേഖലയിലുള്ള സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും താറുമാറായിട്ടുണ്ട്‌. നിയമജ്ഞരടക്കമുള്ളവരും സമരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്‌. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ തെലുങ്കാന പ്രക്ഷോഭം ശക്തമാണ്‌.
തെലുങ്കാന മേഖലയില്‍നിന്നുള്ള എംഎല്‍എമാരും എംപിമാരും കൂട്ടരാജി സമര്‍പ്പിച്ചതോടുകൂടിയാണ്‌ പ്രക്ഷോഭത്തിന്‌ തുടക്കമായത്‌. തെലുങ്കാന മേഖലയില്‍നിന്ന്‌ ഇവര്‍ക്ക്‌ സംസ്ഥാനത്തിന്റെ മറ്റ്‌ മേഖലകളില്‍ നിരന്തരം അപമാനം നേരിടുകയാണെന്നും ഇക്കാരണത്താല്‍ (തങ്ങളുടെ സാംസ്കാരിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനായി) പ്രത്യേക സംസ്ഥാന രൂപീകരിക്കണമെന്നതുമാണ്‌ പ്രക്ഷോഭകരുടെ ആവശ്യം. ആന്ധ്രമുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, പ്രധാനമന്ത്രിയടക്കമുള്ളവരെ ഉള്‍പ്പെടുത്തി പ്രശ്നത്തിന്‌ സമവായമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. തെലുങ്കുദേശം പാര്‍ട്ടിയോടൊപ്പം ബിജെപിയും പ്രക്ഷോഭത്തില്‍ സഹകരിക്കുന്നുണ്ട്‌. തെലുങ്കാന മേഖലയില്‍നിന്നുള്ള നല്ലൊരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കളും പ്രക്ഷോഭത്തിനനുകൂലമായിക്കഴിഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി വിവാദ പ്രസ്താവന നടത്തിയതിന്‌ തെലുങ്കാന രാഷ്ട്രസമിതി തലവന്‍ ചന്ദ്രശേഖരറാവുവിനെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.

Related News from Archive
Editor's Pick