ഹോം » സംസ്കൃതി » 

ചാണക്യദര്‍ശനം

October 12, 2011


ന വിശ്വസേല്‍ കുമിത്രേ ച
മിത്രേ ചാ�പി ന വിശ്വസേല്‍
കഥാചില്‍ കുപിതം മിത്രം
സര്‍വ്വം ഗുഹ്യം പ്രകാശയേല്‍

ശ്ലോകാര്‍ത്ഥം: “വിശ്വസിക്കാന്‍ കൊള്ളില്ല എന്ന്‌ തീര്‍ച്ചയാക്കിയാല്‍ ആ സുഹൃത്തിനെ ഉടനെ ഉപേക്ഷിക്കണം. വിശ്വസ്തനല്ലാത്ത ആരോടും രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത്‌. അവന്റെ കയ്യില്‍ അതൊരു ആയുധമായിതീരും പിന്നീട്‌.”
ചാണക്യഗുരു, ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ ചിത്രമാണ്‌ അവതരിപ്പിക്കുന്നത്‌. സുഹൃത്തുക്കള്‍ പലതരമാണ്‌. സംസാരിക്കുന്നവര്‍, സംസാരിക്കാത്തവര്‍, ചിരിക്കുന്നവര്‍, ചിരിക്കാത്തവര്‍, കരയുന്നവര്‍, കരയാത്തവര്‍, നിര്‍വികാരന്മാര്‍, നിഷ്ക്രിയന്മാര്‍ അങ്ങനെ പോകുന്നു. വളരെ കാലത്തെ അന്വേഷണത്തിന്‌ ശേഷം മാത്രമേ ഒരു യഥാര്‍ത്ഥ സുഹൃത്തിനെ കണ്ടുകിട്ടുകയുള്ളു. ഇടയ്ക്ക്‌ പിണങ്ങിപ്പോകും പിന്നെ വീണ്ടും വരും, അപവാദം പറയും അതിനു മാപ്പു ചോദിക്കും. ഇങ്ങനെ തരത്തിനനുസരിച്ച്‌ നിറംമാറുന്ന സുഹൃത്തുക്കളാണ്‌ മിക്കവാറും. ഈ സുഹൃത്ത്‌ ബന്ധങ്ങളില്‍ നിന്നും അരിച്ച്‌ ഊറ്റിയെടുക്കാന്‍ കഴിയുന്ന ഒരു ആജീവനാന്ത സുഹൃത്തിനോടു മാത്രമേ സ്വന്തം കാര്യങ്ങളെല്ലാം തുറന്നു പറയാനാവൂ. ഇത്‌ ബോദ്ധ്യം വരണമെങ്കില്‍ ആ സുഹൃത്ത്‌ ചിരപരിചിതനായിരിക്കണം. പലതരം പരീക്ഷണങ്ങളില്‍ വിജയിച്ചിരിക്കണം. ആത്മാര്‍ത്ഥത തെളിയിച്ചിരിക്കണം. നമ്മുടെ അഭാവത്തില്‍ പോലും കര്‍ത്തവ്യങ്ങള്‍ നിറവേറ്റിയിരിക്കണം. ഈ പറഞ്ഞ വ്യവസ്ഥകളൊന്നും ഒരു സാധാരണ സുഹൃത്തിനുണ്ടാവുകയില്ല. അങ്ങനത്തെ സുഹൃത്തുക്കളെ നമുക്ക്‌ ഗുഡ്മോര്‍ണിംഗ്‌ ഫ്രണ്ട്സ്‌ എന്നു വിളിക്കാം. നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവുമൊക്കെ അവര്‍ക്ക്‌ കഥപറയുവാനുള്ള വിഷയങ്ങളാണ്‌. അവരെ അവലംബിച്ചോ അടിസ്ഥാനമാക്കിയോ ആശ്രയിച്ചുകൊണ്ടോ നാം ഒരു പരിപാടിക്കും തുനിയരുത്‌.
സാമൂഹ്യബന്ധങ്ങള്‍ക്ക്‌ ഒരു സ്ഥിരതയുമില്ലാതായിത്തീര്‍ന്ന ഈ വ്യാവസായിക ലോകത്ത്‌ ഗുരു ചാണക്യന്റെ ഉപദേശം അങ്ങേയറ്റം പ്രസക്തമാണ്‌. സ്നേഹവും ബന്ധവും പരിചയവുമൊക്കെ ആവശ്യാര്‍ത്ഥം ഉപയോഗിക്കാവുന്ന ഉപാധികളാണ്‌. ഇതിനി വിശദീകരിക്കേണ്ട ആവശ്യമൊന്നുമില്ല. നാമൊക്കെ നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഈ ശ്ലോകത്തില്‍ കപട സുഹൃത്തുക്കളെ എങ്ങനെ തിരിച്ചറിയാം എന്നാണ്‌ ചാണക്യന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുള്ളത്‌.
– എം.പി.നീലകണ്ഠന്‍ നമ്പൂതിരി

Related News from Archive
Editor's Pick