അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കര്‍ശന നടപടി - സുപ്രീംകോടതി

Thursday 13 October 2011 4:44 pm IST

ന്യൂദല്‍ഹി: അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ജയില്‍ കിടക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാക്കണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാലിത് കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് പുതിയ ഉത്തരവിട്ടത്. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഏര്‍പ്പെടുത്തണമെന്ന ഉത്തരവ്‌ പാലിക്കാന്‍ തയ്യാറാകാത്ത ഹരിയാന ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറും സെക്രട്ടറിയും 50,000 രൂപ പിഴയടയ്ക്കണമെന്നും അല്ലെങ്കില്‍ 15 ദിവസത്തെ ജയില്‍ശിക്ഷ അനുഭവിക്കാന്‍ തയ്യാറാകണമെന്നു കോടതി വ്യക്തമാക്കി. വാഹനങ്ങളില്‍ അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ഉത്തരവ്‌ നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ്‌ പാലിച്ചില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറും സെക്രട്ടറിയും ജയില്‍ശിക്ഷ അനുഭവിക്കാന്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു. നമ്പര്‍ പ്ലേറ്റ്‌ നടപ്പാക്കാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചത്‌ കോടതി രേഖപ്പെടുത്തി. ശേഷിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.