ഹോം » പ്രാദേശികം » എറണാകുളം » 

നഗരത്തില്‍ വീണ്ടും കഞ്ചാവ്‌ വേട്ട

October 13, 2011

കൊച്ചി: നഗരത്തില്‍ ലഹരിമരുന്നിന്റെ വന്‍ വിപണന സാധ്യത മുന്നില്‍ കണ്ട്‌ കഞ്ചാവ്‌ വില്‍പന നടത്തിവന്ന വന്‍ മയക്കുമരുന്ന്‌ സംഘത്തില്‍പ്പെട്ട രണ്ട്‌ പേരെ കൊച്ചി സിറ്റി ഷാഡോപോലീസും അമ്പലമേട്‌ പോലീസും ചേര്‍ന്ന്‌ അറസ്റ്റു ചെയ്തു. പാലക്കാട്‌ മണ്ണര്‍ക്കാട്‌ അമ്മന്‍ തുരുത്തില്‍ ഈപ്പന്‍ മകന്‍ സാജു (30), ആലപ്പുഴ പുത്തനങ്ങാടി അരക്കപറമ്പില്‍ സുബ്രഹ്മണ്യന്‍ മകന്‍ സേതുരാജ്‌ (45) എന്നിവരെയാണ്‌ 2 കിലോയിലികം കഞ്ചാവുമായി വടയമ്പാട്‌ മലഭാഗത്ത്‌ വച്ച്‌ പിടിയിലായത്‌.
13വര്‍ഷം ശിക്ഷ കഴിഞ്ഞ്‌ ഒരു മാസം മുമ്പ്‌ പുറത്തിറങ്ങിയ രണ്ടാം പ്രതി സേതുരാജിന്‌ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍, ഹില്‍പാലസ്‌, കോട്ടയം വെസ്റ്റ്‌ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി 8 ഓളം വാഹനമോഷണ കേസ്സുകള്‍ നിലവിലുണ്ട്‌. കൊച്ചി നഗരത്തിലുള്ള വിവിധ സ്ഥലങ്ങളിലുള്ള കോളേജുകള്‍, സ്കൂളുകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ വില്‍പന നടത്തിവരുകയായിരുന്നു. ചെറിയ പൊതിയിലാക്കി ഒരു പൊതിക്ക്‌ 250 രൂപ നിരക്കിലാണ്‌ വില്‍പന നടത്തിയിരുന്നത്‌. രഹസ്യവിവരത്തെ തുടര്‍ന്ന്‌ ഷാഡോ പോലീസ്‌ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച്‌ അസി.കമ്മീഷണര്‍ എം.എന്‍.രമേശിന്റെ നേതൃത്വത്തില്‍ അമ്പലമുകള്‍ എസ്‌ഐ, ടി.ആര്‍.ജിജു, ഷാഡോ എസ്‌ഐമാരായ മുഹമ്മദ്‌ നിസ്സാര്‍, സുരേഷ്‌ ബാബുസിപിഒ ഹുസൈന്‍, സിപിഒ മാരായ മനാഫ്‌, മുഹമ്മദ്‌ നസീര്‍, അനുപ്‌,ശ്യാം, അവിനാദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. കഴിഞ്ഞ ദിവസം കളമശ്ശേരി ഭാഗത്ത്‌ വച്ച്‌ ശ്രീജിത്ത്‌ (29) പ്രവീണ്‍ (29), സുബിര്‍ (30) എന്നിവരെയും, തൈക്കുടം ഭാഗത്ത്‌ നിന്നും തിങ്കളാഴ്ച രാത്രിയോടെ 50 മയക്കുമരുന്ന്‌ ഗുളികയും, കഞ്ചാവുമായി ബാബുമോന്‍ (29) സുനില്‍ (27) എന്നിവരെയും ഷാഡോപോലീസ്‌ വലയിലാക്കിയിരുന്നു.
ലഹരിമരുന്നു മാഫിയക്കെതിരെ, ഷാഡോപോലീസ്‌ നടത്തിവരുന്ന നടപടികളുടെ ഭാഗമായി, മയക്കുമരുന്നു വില്‍പനയെക്കുറിച്ചുള്ള വിവരങ്ങള്‍ 9497980440, 2385002 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന്‌ കമ്മീഷണര്‍ അറിയിച്ചു.

Related News from Archive
Editor's Pick