ഹോം » പൊതുവാര്‍ത്ത » 

പ്രശാന്ത്‌ ഭൂഷന്റെ അഭിപ്രായം വ്യക്തിപരം: ഹസാരെ

October 14, 2011

ന്യൂദല്‍ഹി: കാശ്‌മീര്‍ പ്രശ്‌ന പരിഹാരത്തിന്‌ ഹിതപരിശോധന ആവാമെന്ന പ്രശാന്ത്‌ ഭൂഷണിന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും അത്‌ തങ്ങളുടേതല്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു. തങ്ങളുടെ മുഖ്യലക്ഷ്യം ലോക്‌പാല്‍ ബില്‍ മാത്രമാണെന്നും വ്യക്തമാക്കി.

പ്രശാന്ത്‌ ഭൂഷണിന്റെ പ്രസ്താവനയില്‍ ഹസാരെ സംഘത്തിന്‌ ഉത്തരവാദിത്തമില്ല.കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത്‌ ഭൂഷണ്‍ ഒരിക്കലും സംഘാംഗങ്ങളോട്‌ അഭിപ്രായമാരാഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജന്മഗ്രാമമായ റലഗന്‍ സിദ്ധിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഹസാരെ.

സംഘത്തിന്റെ നിലപാട്‌ വ്യക്‌തമാക്കുമ്പോള്‍ പ്രശാന്ത്‌ ഭൂഷണ്‍ അനുവാദം തേടിയേ തീരൂ. എന്നാല്‍ സ്വന്തം അഭിപ്രായം പറയുമ്പോള്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്‌. അതു സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. കശ്മീര്‍ വിഷയത്തില്‍ വീണ്ടുവിചാരമില്ലാതെ പ്രസ്‌താവനകള്‍ പുറപ്പെടുവിക്കുന്നത്‌ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്ത്‌ ഭൂഷണെ വിവാദ പ്രസ്‌താവനയുടെ പേരില്‍ സംഘത്തില്‍ നിന്നു പുറത്താക്കുമോ എന്ന ചോദ്യത്തിനു ഇക്കാര്യം പിന്നീടു തീരുമാനിക്കുമെന്ന്‌ ഹസാരെ മറുപടി നല്‍കി. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം ഉയര്‍ത്തിയ കാര്യങ്ങള്‍ നല്ലതല്ലെന്നും അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു.

Related News from Archive
Editor's Pick