ഹോം » പൊതുവാര്‍ത്ത » 

സിറിയയില്‍ കലാപം: മരണസംഖ്യ 3000 ആയെന്ന്‌ ഐക്യരാഷ്ട്രസഭ

October 14, 2011

ഡമാസ്ക്കസ്‌: ഏഴുമാസമായി പ്രസിഡനൃ ബഷീര്‍ അല്‍ ആസാദിനെതിരെ തുടരുന്ന പ്രതിഷേധത്തില്‍ 3000 പേരെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 187 കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ 100 പേര്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ്‌ മരിച്ചതെന്ന്‌ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണര്‍ നൗവി പിള്ള പറഞ്ഞു. ഇതുകൂടാതെ നൂറുകണക്കിന്‌ സിറിയന്‍ പൗരന്മാരെ അറസ്റ്റുചെയ്തിരിക്കുകയുമാണ്‌. ഈ ലഹളയുടെ ഉത്തരവാദിത്തം ആയുധധാരികളായ കലാപകാരികള്‍ക്കാണെന്നും അവര്‍ സുരക്ഷാസേനയിലെ 1100 ഭടന്മാരെ ഇതുവരെ വധിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്ന്‌ പിള്ള അഭ്യര്‍ത്ഥിച്ചു. നൂറുകണക്കിന്‌ സിറിയന്‍ പൗരന്മാര്‍ തടവിലാണെന്നും ചിലരെ പീഡിപ്പിക്കുകയോ ചിലരെ കാണാതാവുകയോ ചെയ്തതായും ഐക്യരാഷ്ട്ര വക്താവ്‌ അറിയിച്ചു. സിറിയക്കെതിരെ ഈ മനുഷ്യാവകാശധ്വംസനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നടപടികളെടുക്കുമെന്ന ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ അധികാരമുപയോഗിച്ച്‌ ഈമാസം എതിര്‍ത്തിരുന്നു. വാഗ്ദാനം ചെയ്തിരുന്ന പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ റഷ്യയും ചൈനയും സിറിയയോട്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്‌. നയതന്ത്രപരമായ നീക്കങ്ങള്‍ പരാജയപ്പെടുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്‌ സിറിയയിലേതെന്ന്‌ ഐക്യരാഷ്ട്ര സഭാ വക്താവ്‌ കുറ്റപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആക്രമണങ്ങളില്‍ 25 പട്ടാളക്കാരടക്കം 36 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടു.

Related News from Archive
Editor's Pick