സ്വാഗതാര്‍ഹമായ വിമര്‍ശനം

Friday 14 October 2011 11:13 pm IST

ഇന്ത്യയില്‍ മേല്‍ക്കോടതികള്‍ ഇത്ര കാര്യക്ഷമമായി പിഴവുകള്‍ ചൂണ്ടിക്കാണിച്ചിട്ടും ഇന്ത്യ ഇന്നും ലോകത്തെ ഏറ്റവും അഴിമതി അരങ്ങേറുന്ന രാജ്യങ്ങളില്‍ ഒന്നായി തുടരുന്നത്‌ സര്‍ക്കാര്‍ സംവിധാനത്തിന്‌ കോടതിവിധികളോടുള്ള നിരാകരണ മനോഭാവമാണെന്ന്‌ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കേന്ദ്രത്തിലായാലും കേരളത്തിലായാലും കോടതി പരാമര്‍ശങ്ങള്‍ക്ക്‌ അവ അര്‍ഹിക്കുന്ന മുന്‍ഗണനയോ പരിഹാര നടപടികളോ ഉണ്ടാകുന്നില്ല. കേന്ദ്രത്തില്‍ 2 ജി സ്പെക്ട്രം അഴിമതിയില്‍ 1,76,000 കോടി രൂപയുടെ അഴിമതി നടന്നതില്‍ ടെലികോംമന്ത്രിയായിരുന്ന എ. രാജ മാത്രമല്ല ഉത്തരവാദി എന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ആഭ്യന്തരമന്ത്രി ചിദംബരവും ഈ കേസില്‍ കുറ്റവാളികളാണെന്നും ആണ്‌ ഇപ്പോള്‍ തെളിയുന്നത്‌. 2007 നവംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അന്ന്‌ ടെലികോം മന്ത്രിയായിരുന്ന എ. രാജക്ക്‌ 2 ജി സ്പെക്ട്രം അസുലഭവവസ്തുവാണെന്നും സുതാര്യമായ രീതിയില്‍ ലേലത്തിലൂടെ വിറ്റഴിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നതാണ്‌. ഇപ്പോള്‍ സുപ്രീംകോടതി ചോദിക്കുന്നത്‌ എന്തുകൊണ്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിര്‍ദ്ദേശം അവഗണിക്കപ്പെട്ടു എന്നാണ്‌. യഥാസമയം സര്‍ക്കാര്‍ നടപടി എടുത്തിരുന്നെങ്കില്‍ ഇത്ര വലിയ കുംഭകോണം നടക്കുമായിരുന്നില്ല എന്നാണ്‌ ജ: സിംഗ്‌വിയും ജ: എച്ച്‌.എല്‍. ദത്തുവും അടങ്ങിയ ബെഞ്ച്‌ ചൂണ്ടിക്കാണിക്കുന്നത്‌. ടെലികോം കമ്മീഷന്റെ ഫുള്‍ മീറ്റിംഗ്‌ ജനുവരി ഒന്‍പതിന്‌ നടക്കാനിരിക്കെ അത്‌ ജനുവരി 15 ലേക്ക്‌ മാറ്റിവച്ച്‌ ജനുവരി 10 ന്‌ ലേലം നടത്താതെ ആദ്യം വന്നവന്‌ ആദ്യം എന്ന തരത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ച്‌ 2 ജി വിറ്റഴിച്ചത്‌ ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. രാജയുടെ ധാര്‍ഷ്ട്യപരമായ 2 ജി വില്‍പ്പനയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ റോള്‍ സംശയത്തിന്റെ നിഴലിലാക്കി ഇപ്പോഴത്തെ ധനമന്ത്രിയുടെ കാര്യാലയത്തിന്റെ കത്തും വിവാദമായിരുന്നു. കോടതി നിരീക്ഷണം ഏറെ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ തൃപ്തികരമായ വിശദീകരണം നല്‍കണമെന്നും ബിജെപിയും സിപിഎമ്മും ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നിലപാട്‌ വ്യക്തമാക്കേണ്ടതാണ്‌. ജനതാല്‍പര്യം അപകടപ്പെടുമ്പോള്‍ ഈ വിധമുള്ള കോടതി നിരീക്ഷണം സ്വാഗതാര്‍ഹമാണ്‌. കേരളത്തില്‍ ഇടതുപക്ഷം പ്രതിപക്ഷമാകുമ്പോഴെല്ലാം സംസ്ഥാനം സമരങ്ങളുടെ കൂത്തരങ്ങാവുന്നതും ഈ സമരങ്ങളില്‍ വന്‍തോതില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതും സാധാരണയാണ്‌. ഭരണ-പ്രതിപക്ഷ യുവജന സംഘടനകള്‍ ഏറ്റുമുട്ടുമ്പോഴും പോലീസ്‌ കണ്ണീര്‍വാതകവും ജലപീരങ്കിയുമായി സമരരംഗത്തെത്തുമ്പോഴും എല്ലാം ഈ പൊതുമുതല്‍ നശീകരണം- കെഎസ്‌ആര്‍ടിസി ബസ്സുകള്‍, പോലീസ്‌ വാഹനങ്ങള്‍ മുതലായവ തല്ലിത്തകര്‍ക്കുന്നത്‌ സമരാഭാസത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. സമരങ്ങളുടെയും ഹര്‍ത്താലുകളുടെയും പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്നും നഷ്ടപരിഹാരം തേടണമെന്ന്‌ കോടതി മുമ്പും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ചൊവ്വാഴ്ച ഹൈക്കോടതിയില്‍നിന്നുണ്ടായ പരാമര്‍ശം വിദ്യാര്‍ത്ഥി സമരങ്ങളിലും മറ്റും പൊതുമുതലിനുണ്ടാകുന്ന നഷ്ടത്തിന്‌ തുല്യമോ അതിനേക്കാള്‍ കൂടുതലോ ആയ തുക ഉത്തരവാദികള്‍ കെട്ടിവെക്കണം എന്നായിരുന്നു. പൊതുമുതല്‍ നശീകരണത്തിന്‌ ഉത്തരവാദികളെന്ന്‌ കണ്ടെത്തുന്നവരില്‍നിന്നും സര്‍ക്കാരിന്‌ നഷ്ടം ഈടാക്കാം എന്നും കോടതിവിധിയില്‍ വ്യക്തമാക്കുന്നു. പക്ഷെ സമരം ഭരണ-പ്രതിപക്ഷഭേദമെന്യേ കേരളത്തില്‍ അരങ്ങേറുന്ന നിത്യസംഭവമാണ്‌. കോഴിക്കോട്‌ ഒരു വിദ്യാര്‍ത്ഥിക്ക്‌ പഠനം നിഷേധിച്ച്‌ സമരരംഗത്തിറങ്ങിയ വിദ്യാര്‍ത്ഥിസംഘടന പൊതുമുതല്‍ തല്ലിത്തകര്‍ത്തത്‌ ദൃശ്യമാധ്യമങ്ങളില്‍ കാണാമായിരുന്നു. സര്‍ക്കാര്‍-പൊതുമുതലിന്മേലാണ്‌ സമരക്കാര്‍ രോഷം തീര്‍ക്കുന്നതെങ്കിലും ആത്യന്തികമായി ഇതിന്റെ നഷ്ടം നികുതിദായകരായ ജനങ്ങള്‍തന്നെയാണ്‌ അനുഭവിക്കുന്നത്‌. രണ്ടാംഘട്ട സമരത്തിന്‌ പ്രതിപക്ഷനേതാവ്‌ ആഹ്വാനം ചെയ്തിരിക്കെ ഈ വസ്തുതകള്‍ക്ക്‌ പ്രത്യേകം സാംഗത്യം ലഭിക്കുന്നു. നിര്‍മ്മല്‍ മാധവ്‌ പ്രശ്നവുമായി ബന്ധപ്പെട്ട്‌ നഷ്ടം അനുഭവിക്കേണ്ടിവരുന്നത്‌ വിദ്യാര്‍ത്ഥിള്‍ക്കുകൂടിയാണ്‌. എസ്‌എഫ്‌ഐയുടെ ക്രൂര റാഗിംഗിന്‌ വിധേയനായി ആത്മഹത്യാ മുനമ്പില്‍വരെ എത്തിയ നിര്‍മല്‍ മാധവിനെ ജീവിതത്തിലേക്കും വിദ്യാഭ്യാസത്തിലേക്കും തിരികെ കൊണ്ടുവരാനുള്ള വഴി അടച്ച എസ്‌എഫ്‌ഐ സമരത്തില്‍ കോഴിക്കോട്‌ സര്‍ക്കാര്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനവും നഷ്ടപ്പെട്ടു. രാഷ്ട്രീയം അനിവാര്യമാണ്‌. പക്ഷെ ജനങ്ങള്‍ക്ക്‌ ജീവിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കാനും അവസരവും അവകാശവും നല്‍കേണ്ടതല്ലേ? പോലീസിന്റെ കാട്ടുനീതി ആള്‍സ്വാധീനമോ പണസ്വാധീനമോ ഇല്ലാത്ത ആദിവാസികള്‍ക്ക്‌ പോലീസില്‍നിന്നും സംരക്ഷണം കിട്ടുക സാധ്യമല്ല എന്ന്‌ പിന്നെയും തെളിയിച്ചാണ്‌ ചാലക്കുടി പോലീസ്സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്ന ആദിവാസിസ്ത്രീയെ പോലീസ്‌ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചത്‌. അതിരപ്പിള്ളി പഞ്ചായത്തിലെ ഷോളയാര്‍ ഗിരിജന്‍കോളനിയിലെ പാറു (65)വിനെയാണ്‌ പോലീസ്‌ മര്‍ദ്ദനമേറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരിക്കുന്നത്‌. ഒക്ടോബര്‍ നാലാം തീയതി ചാലക്കുടി എസ്ബിടിയില്‍നിന്ന്‌ വാങ്ങിയ 2500 രൂപ പെന്‍ഷന്‍ തുകയും പുതിയതായി വാങ്ങിയ മൊബെയിലും നഷ്ടപ്പെട്ടതിനെപ്പറ്റി പരാതി നല്‍കാന്‍ എത്തിയ പാറുവിനാണ്‌ കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്‌. ഇവരുടെ പരാതിയില്‍ മോഷ്ടാവായി ചൂണ്ടിക്കാണിച്ചിരുന്ന ഇവരുടെ ബന്ധു സുബീഷിനെ വിളിച്ചുവരുത്തി അന്വേഷിച്ചതില്‍ സുബീഷ്‌ മോഷണം സമ്മതിച്ചിരുന്നു. പരാതി നല്‍കി മടങ്ങവേ ഒരു പോലീസുകാരന്‍ ഇവരെ തിരിച്ചുവിളിച്ച്‌ കാലുകള്‍ കൂട്ടിക്കെട്ടി, ഉള്ളംകാലില്‍ ലാത്തികൊണ്ടടിക്കാന്‍ എന്ത്‌ പ്രകോപനമാണ്‌ നിലനിന്നിരുന്നത്‌? ആറുമാസം മുമ്പ്‌ തിമിരശസ്ത്രക്രിയക്ക്‌ വിധേയയായ പാറുവിന്‌ ഉള്ളംകാലിലേറ്റ അടി കാഴ്ചക്കുറവ്‌ വരുത്തുകയും നട്ടെല്ലിനേറ്റ പരിക്കു കാരണം എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാകുകയും ചെയ്തു. പോലീസ്‌ എന്നും കാട്ടുനീതി പുലര്‍ത്തുന്നവരാണെന്ന്‌ കേരളത്തില്‍ ഈയിടെ അരങ്ങേറുന്ന പല സംഭവങ്ങളും തെളിയിക്കുന്നു. ആഴ്ചകള്‍ക്ക്‌ മുമ്പാണ്‌ പട്ടയദാനചടങ്ങില്‍ പട്ടയം വാങ്ങാനെത്തിയ ആദിവാസിസ്ത്രീയുടെ കച്ച പോലീസ്‌ അഴിപ്പിച്ചത്‌. ഈ ആദിവാസി വിഭാഗത്തിന്‌ കച്ചയഴിപ്പിക്കല്‍ വസ്ത്രാക്ഷേപത്തിന്‌ തുല്യമാണ്‌. പോലീസിന്റെ ഈ കടുത്ത അനീതിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടും കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ല. "മുഖ്യമന്ത്രി ആരെ ഭയക്കുന്നു" എന്ന പ്രതിപക്ഷാരോപണത്തിന്‌ അടിവരയിടുന്നതാണ്‌ പോലീസിനോടുള്ള മുഖ്യമന്ത്രിയുടെ സമീപനം. ജനങ്ങളോട്‌ പെരുമാറുമ്പോള്‍ മര്യാദ പാലിക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കി എന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. പോലീസ്‌ സേനയില്‍ 556 കുറ്റാരോപിതര്‍ ഉണ്ടെന്നും പരിശോധന തുടരുകയാണെന്നുമാണ്‌ വിവരം.