ഹോം » കേരളം » 

ആക്രോശം, ആക്രമണം പിന്നെ അഭിനയം

October 14, 2011

തിരുവനന്തപുരം: പ്രതിപക്ഷം ആക്രോശിച്ചും ആക്രമിച്ചും അഭിനയിച്ചും ഇന്നലെ നിയമസഭയ്ക്ക്‌ നാണക്കേടിന്റെ ദിനം സമ്മാനിച്ചു. നിര്‍മ്മല്‍ മാധവ്‌ പ്രശ്നത്തില്‍ മുഖം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന്‌ തടിതപ്പാനുള്ള അവസരമെന്ന നിലയ്ക്കാണ്‌ സഭ സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചത്‌. നിര്‍മ്മലിനെ ഒരിടത്തും പഠിപ്പിക്കില്ലെന്ന്‌ പറഞ്ഞ്‌ സമരം തുടങ്ങിയ എസ്‌എഫ്‌ഐക്കാര്‍ക്ക്‌ അടിയും വെടിയും ഒക്കെ കിട്ടിയെങ്കിലും ലക്ഷ്യംകാണാതെ സമരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അതിനു പുറകെയാണ്‌ സമരക്കാര്‍ക്ക്‌ നേരെ വെടിവച്ച പോലീസ്‌ ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണപിള്ളയെ മാറ്റണമെന്ന ആവശ്യം നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാട്‌.
സംഭവം നടന്ന അന്നുതന്നെ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ്‌ ചെയ്യാന്‍ തെളിവുണ്ടെന്നിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്നം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിവേഗം ബഹുദൂരം ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടിക്ക്‌ ഡിജിപിയുടെ റിപ്പോര്‍ട്ട്‌ കിട്ടാന്‍ മൂന്നുദിവസം വേണ്ടിവന്നു. ഈ ദിവസങ്ങളിലെല്ലാം സഭയില്‍ നടപടിക്കായി തൊണ്ടപൊട്ടിച്ചതുമാത്രം പ്രതിപക്ഷത്തിനു ബാക്കി. ഡിജിപിയുടെ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടും നടപടിയെടുക്കാതെ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയെ വീണ്ടും അന്വേഷണത്തിന്‌ നിയമിച്ചത്‌ പ്രതിപക്ഷത്തെ ബോധപൂര്‍വ്വം പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
ഒരാഴ്ചയായി സഭയില്‍ നേരിടുന്ന നാണക്കേടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനവും മറികടക്കാന്‍ അറ്റകൈ എന്ന നിലയിലാണ്‌ ഇന്നലെ സഭ സ്തംഭിപ്പിക്കല്‍ ചടങ്ങിന്‌ പ്രതിപക്ഷം തയ്യാറായത്‌. മുദ്രാവാക്യം വിളിച്ചതുകൊണ്ടും നടുത്തളത്തിലിറങ്ങിയതുകൊണ്ടും ഫലമില്ലെന്ന്‌ വന്നപ്പോള്‍ പാവപ്പെട്ട വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ ജീവനക്കാര്‍ക്കുനേരെ ആക്രമണത്തിനു തയ്യാറാകുകയായിരുന്നു. ഇത്‌ തിരിച്ചടിയായെന്ന്‌ മനസ്സിലായപ്പോള്‍ അഭിനയിച്ച്‌ അനുകമ്പ നേടാനും പ്രതിപക്ഷ എംഎല്‍എമാര്‍ തയ്യാറായി.
ടി.വി.രാജേഷും ജെയിംസ്‌ മാത്യുവും കൈകോര്‍ത്തുപിടിച്ച്‌ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ ജീവനക്കാരെ തള്ളിമാറ്റി സ്പീക്കറുടെ അടുത്തേക്ക്‌ തള്ളിക്കയറുന്നത്‌ സഭയിലുണ്ടായിരുന്നവര്‍ എല്ലാം കണ്ടതാണ്‌. വനിതാ സുരക്ഷാ ഉദ്യോഗസ്ഥയുടെ തൊപ്പി പോയതും അവര്‍ താഴെ വീണതും ഈ തള്ളലിലാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ സംഭവത്തിന്റെ വീഡിയോചിത്രം മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പരിശോധിക്കണമെന്ന നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി തുടക്കത്തിലേ മുന്നോട്ടുവച്ചത്‌. വനിതാ സുരക്ഷാ ഉദ്യോഗസ്ഥയെ തളളിയിട്ടതിന്‌ തടയിടാന്‍ പ്രതിപക്ഷം പറഞ്ഞത്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ വനിതാ എംഎല്‍എയായ കെ.കെ.ലതികയെ മര്‍ദ്ദിച്ചുവെന്നാണ്‌. തന്റെ മൂക്കിനും വയറ്റിലും കുത്തിയെന്ന്‌ ലതിക പറയുകയും ചെയ്തു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വീഡിയോ പരിശോധന നടത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. കള്ളിവെളിച്ചത്താകുമോയെന്ന ഭയം തന്നെയായിരുന്നു കാരണം.
അവസാനം മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി പരിശോധന നടത്തിയപ്പോള്‍ രാജേഷും ജെയിംസും കൈകോര്‍ത്ത്‌ സുരക്ഷാഉദ്യോഗസ്ഥയെ തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി. മര്‍ദ്ദനമേറ്റെന്ന്‌ പറയുന്ന ലതിക ഉന്തുംതള്ളും നടക്കുന്നതിന്റെ അടുത്തൊന്നുമില്ലെന്നും തെളിഞ്ഞു. എന്നാല്‍ അടിതെറ്റിവീണ വനിതാ ഉദ്യോഗസ്ഥരെ തള്ളിയിട്ടതാരെന്ന്‌ വ്യക്തമായും വീഡിയോയില്‍ തെളിഞ്ഞിരുന്നില്ല. ഇതു മനസ്സിലാക്കിയാണ്‌ പിന്നീട്‌ രാജേഷിന്റെ അഭിനയം. പൊട്ടിക്കരഞ്ഞും നെഞ്ചില്‍ കൈവച്ചും മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ താന്‍ നിരപരാധിയാണെന്ന്‌ പറയാന്‍ ശ്രമിക്കുകയായിരുന്നു രാജേഷ്‌. ജെയിംസ്‌ മാത്യുവും താന്‍ തള്ളിയിട്ടില്ലെന്ന്‌ പറഞ്ഞു. അല്ലെന്ന്‌ തെളിഞ്ഞാല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കാമെന്ന്‌ പറഞ്ഞെങ്കിലും ഉടന്‍ തിരുത്തുകയും ചെയ്തു. പാര്‍ട്ടി പറഞ്ഞാല്‍ എന്നാക്കി മാറ്റി.
പ്രതിപക്ഷ എംഎല്‍എമാരുടെ ഉന്തിലും തള്ളിലുമാണ്‌ വനിത ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ മര്‍ദ്ദനമേറ്റതെന്നത്‌ പച്ചപ്പരമാര്‍ത്ഥം. വീഡിയോ ദൃശ്യം പരസ്യപ്പെടുത്തിയാല്‍ അത്‌ വ്യക്തമാകും എന്നതിനാലാണ്‌ രഹസ്യപ്രദര്‍ശനം മതിയെന്ന്‌ പ്രതിപക്ഷം ബലം പിടിച്ചത്‌. പ്രദര്‍ശിപ്പിച്ചപ്പോള്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥയെ തട്ടിയിടുന്നത്‌ വ്യക്തമല്ല എന്ന്‌ തെളിഞ്ഞപ്പോഴാണ്‌ അഭിനയവുമായി രാജേഷും രാജിസന്നദ്ധതയുമായി ജെയിംസ്‌ മാത്യുവും രംഗത്തുവന്നത്‌. മൂക്കിനും വയറ്റിനും അടിയേറ്റെന്നു പറഞ്ഞ ലതികക്ക്‌ മിണ്ടാട്ടവും ഇല്ല.
സംഭവത്തെക്കുറിച്ച്‌ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ 8 മണിക്ക്‌ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൂടി ഉള്‍പ്പെടുന്ന ചര്‍ച്ച സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ നടക്കും. സഭയില്‍ ഇല്ലാതിരുന്ന പ്രതിപക്ഷ നേതാവ്‌ അച്യുതാനന്ദന്‍ തള്ളേറ്റുവീണ വനിതാ ഉദ്യോഗസ്ഥയുടേത്‌ അഭിനയമാണെന്ന്‌ കൊച്ചിയില്‍ പറഞ്ഞിട്ടുണ്ട്‌. സഭയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷാംഗങ്ങള്‍ ആരും ഈ ആരോപണം ഉന്നയിച്ചിട്ടുമില്ല.

Related News from Archive
Editor's Pick