തിരൂര്‍: ‘മത്സരാര്‍ത്ഥികളുടെയും ഒഫീഷ്യലുകളുടെയും ശ്രദ്ധയ്ക്ക്. മത്സരം അവസാനിക്കാന്‍ ഇനി ഒരു മണിക്കൂര്‍ സമയം കൂടി മാത്രം, സ്പെഷ്യല്‍ സ്കൂള്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ഇക്കാര്യം എങ്ങനെയെങ്കിലും ധരിപ്പിക്കണം…. ‘സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവൃത്തിപരിചയമേള നടന്ന ആലത്തിയൂര്‍ കെ.എച്ച്.എം. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇന്നലെ കേട്ട അനൗണ്‍സ്മെന്റ് ആണിത്.
അനൗണ്‍സ്മെന്റ് കേട്ടപ്പോള്‍ ആധിയായത് സ്പെഷ്യല്‍ സ്കൂള്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ മത്സരങ്ങളുടെ ചുമതലയുള്ള അദ്ധ്യാപകര്‍ക്കും ഒഫീഷ്യലുകള്‍ക്കുമാണ്. സ്പെഷ്യല്‍ സ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികളില്‍ അന്ധ, ബധിര വിഭാഗങ്ങള്‍ക്കുള്ള മത്സരങ്ങളാണ് ഇന്നലെ നടന്നത്.
മത്സരങ്ങളുടെ ചുമതല ഉണ്ടായിരുന്ന ഒഫീഷ്യലുകള്‍ പ്രത്യേകം പരിശീലനം നേടിയവരോ സൈന്‍ ലാഗ്വേജ് അറിയുന്നവരോ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ബധിര വിദ്യാര്‍ത്ഥികളോട് മത്സരം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്കാന് ഇവര്‍ നന്നേ പാടുപെട്ടു. ക്ലേ മോഡലിങ് മത്സരത്തിന്റെ ആശയം മത്സരാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ സൈന്‍ ലാഗ്വേജ് അറിയുന്നയാളുടെ സഹായം തേടി. മറ്റു മത്സരയിനങ്ങള്‍ക്ക് ഇതു സാധിക്കുമായിരുന്നില്ല.
സ്പെഷ്യല്‍ സ്കൂള്‍ വിഭാഗം മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആശയവിനിമയത്തിന് സൈന്‍ ലാഗ്വേജ് അറിയുന്ന ഒരാളെയെങ്കിലും സ്പെഷ്യല്‍ സ്കൂള്‍ ബധിര വിഭാഗം വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്ന ഇനങ്ങള്‍ക്ക് ഒഫീഷ്യലായി വെക്കണമെന്ന നിര്‍ദ്ദേശമാണ് പല രക്ഷിതാക്കള്‍ക്കും എസ്കോര്‍ട്ടിംഗ് ടീച്ചര്‍മാര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: