ഇറാന്‍ 14 മിസൈലുകള്‍ പരീക്ഷിച്ചു

Tuesday 28 June 2011 5:15 pm IST

ടെഹ്റാന്‍ : തദ്ദേശീയമായി വികസിപ്പിച്ച 14 മിസൈലുകള്‍ ഇറാന്‍ പരീക്ഷിച്ചു. 2,000 കിലോമീറ്റര്‍ (1,250 മൈല്‍) ദൂരപരിധിയുള്ള ഭൂതല മിസൈലുകളാണു പരീക്ഷിച്ചത്. യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങളെ ചെറുക്കാനാണു മിസൈല്‍ പരീക്ഷണമെന്നു റെവല്യൂഷനറി ഗാര്‍ഡ് എയ്‌റോ സ്പെയ്‌സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമിര്‍ അലി ഹാജിസാദേ അറിയിച്ചു. ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കാന്‍ മടിയില്ലെന്നു യു.എസും ഇസ്രയേലും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു മറുപടിയാണ് മിസൈല്‍ പരീക്ഷണം. സെല്‍സാല്‍സ് (ക്വാക്ക്), ഷെഹാബ്-1 (മീറ്റിയേഴ്സ്), ഖദര്‍ (പവര്‍), ഷെഹാബ്-2 (മീറ്റിയേഴ്സ്) എന്നീ ഇനത്തില്‍പ്പെട്ട മിസൈലുകളാണു പരീക്ഷിച്ചത്. ഷഹാബ്-3യുടെ പരിഷ്കരിച്ച പതിപ്പാണ് ഖദര്‍. ഇറാനില്‍ നിന്നു 1,200 കിലോമീറ്റര്‍ ദൂരത്തിലാണ് ഇസ്രയേലെന്ന് അമിര്‍ അലി ഓര്‍മിപ്പിച്ചു.