ഹോം » പൊതുവാര്‍ത്ത » 

തെലുങ്കാന പ്രക്ഷോഭം : ട്രെയിന്‍ ഉപരോധ സമരം തുടങ്ങി

October 15, 2011

ഹൈദരബാദ്‌; തെലുങ്കാനാ പ്രക്ഷോഭത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ ട്രെയിന്‍ ഉപരോധം തുടങ്ങി. ഉപരോധത്തിന്റെ ഭാഗമായി വിവിധ മേഖലകളിലേക്കുള്ള 126 ട്രെയിനുകള്‍ റദ്ദാക്കി. എന്നാല്‍ ഷെഡ്യൂളുകള്‍ പ്രകാരമുള്ള ചില ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വെ തീരുമാനിച്ചിട്ടുണ്ട്‌.

സമരത്തില്‍ പങ്കെടുക്കാനെത്തിയ നൂറോളം നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാനാ രാഷ്‌ട്ര സമിതി നേതാവ്‌ കെ.ചന്ദ്രശേഖര റാവുവിന്റെ മകളും മരുമകനും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ജനങ്ങളെ നേരിടാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതീവഗുരുതരമായ സ്ഥിതിയെ നേരിടേണ്ടി വരുമെന്ന്‌ ചന്ദ്രശേഖര റാവു മുന്നറിയിപ്പ്‌ നല്‍കി.

ഹൈദരബാദിന്‌ സമീപം മൗല അലി റെയില്‍വെ ട്രാക്കില്‍ നിന്നുമാണ് ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയെ അറസ്റ്റ് ചെയ്തത്. മകന്‍ താരകരാമ റാവുവിനെ സെക്കന്തരാബാദില്‍ സിതാഫാല്‍മണ്ടിയില്‍ ട്രെയിന്‍ ഉപരോധത്തിന്‌ പോകവേയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ്‌ എം.പിമാരായ പൊന്നം പ്രഭാകറിനെയും ജി.വിവേകിനെയും രാജയ്യയെയും കരിംനഗറിലും വാറംഗലിലുമായി പോലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. സമരസമിതി നേതാക്കളെല്ലാം വീട്ടുതടങ്കലിലും പൊലീസ്‌ കസ്റ്റഡിയിലുമാണ്‌. മഹബബ്‌നഗര്‍ ജില്ലയില്‍ മാത്രം നൂറു സമരക്കാര്‍ അറസ്റ്റിലായിട്ടുണ്ട്‌.

ട്രെയിനുകള്‍ തടയാനുള്ള നീക്കത്തിനെതിരെ സംസ്ഥാന പൊലീസും റെയില്‍വെ അധികൃതരും സമരക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. റെയിവ്‌ നിയമപ്രകാരം അറസ്റ്റിലായവര്‍ക്ക്‌ ജീവപര്യന്തം ശിക്ഷ ലഭിക്കാമെന്ന്‌ റെയില്‍വെ ആക്‌ടിംഗ്‌ ഡയറക്‌ടര്‍ ദിനേശ്‌ റെഡ്ഡി പറഞ്ഞു.

Related News from Archive
Editor's Pick