ഹോം » പൊതുവാര്‍ത്ത » 

കൊച്ചി മെട്രോയ്ക്ക് ഒരു മാസത്തിനുള്ളില്‍ അനുമതി ലഭിക്കും – ഇ.ശ്രീധരന്‍

October 15, 2011

ന്യൂദല്‍ഹി: കൊച്ചി മെട്രോയ്ക്ക് ഒരു മാസത്തിനുള്ളില്‍ കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി ലഭിക്കുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ പുതുക്കിയ പദ്ധതി രേഖയ്ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം അംഗീകാരം നല്‍കി. കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ട കാബിനറ്റ് നോട്ടും തയാറായതായി അദ്ദേഹം അറിയിച്ചു.

പ്രവര്‍ത്തനാനുമതി കിട്ടിയാല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ചെന്നൈ മോഡലില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കൊച്ചി മെട്രോയുടെ പദ്ധതി ചെലവ് 5146 കോടി രൂപയാണ്. നിര്‍മ്മാണത്തിന്റെ നാല്‍പ്പത് ശതമാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. അറുപത് ശതമാനം വായ്പയായി എടുക്കും.

തുടക്കത്തില്‍ 22 ട്രെയിനുകളാകും സര്‍വീസ് നടത്തുകയെന്നാണ് സൂചന. ഡിസംബറില്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്ന ഇ.ശ്രീധരന്‍ കൊച്ചി മെട്രോയുടെ നേതൃസ്ഥാനത്തേയ്ക്ക് വന്നേയ്ക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick