ഹോം » ക്ഷേത്രായനം » 

ആത്മീയാനുഭവം

October 15, 2011

യഥാര്‍ത്ഥ ആത്മീയാനുഭവം സംഘടിപ്പിക്കുവാനോ, പഠിപ്പിക്കാനോ പകര്‍ന്നുകൊടുക്കാനോ കഴിയുന്നതല്ല. അതിനെ വ്യവസ്ഥീകരിക്കുകയെന്നാല്‍ അതിനെ നശിപ്പിക്കുകയെന്നാണ്‌. ഒരു സവിശേഷ മാതൃക അതിനുമേലെ അടിച്ചേല്‍പിക്കും വിധം അത്‌ ജൈവവും ചലനാത്മകവും ശക്തവുമാണ്‌. ആ അനുഭവം എല്ലായ്പ്പോഴും അദ്വിതീയവും വൈയക്തികവുമാണ്‌. എന്തെങ്കിലും പ്രത്യേക ഗണത്തിലുള്‍പ്പെടുത്താനാവത്ത വിധം. (അത്‌ സംഭവിക്കുന്നത്‌ വ്യക്തി ഇല്ലാതായിത്തീരുമ്പോഴാണെങ്കിലും) അതിനെ അനുഗമിക്കാനാവില്ല, ഓരോരുത്തനും അവനവനുവേണ്ടി സ്വയം കണ്ടെത്തേണ്ടതുണ്ട്‌. അതാണതിന്റെ സൗന്ദര്യം. അതിന്റെ സ്വാതന്ത്ര്യവും വിശുദ്ധിയും. അത്‌ നവീനമായിരിക്കുന്നത്‌ പഴയതിന്റെ വിപരീതമെന്ന നിലയ്ക്കല്ല, സമയാതീതമെന്ന തലത്തിലാണ്‌ അത്‌ നവീനമായിരിക്കുന്നത്‌. അതായത്‌ എന്നന്നേക്കുമായി പുതുമയും നിഷ്കളങ്കതയുമാര്‍ന്നത്‌. ഓരോ പുഷ്പവും പുതുമയോടിരിക്കുന്നതുപോലെ, ഓരോ സൂര്യോദയവും പുതുമയോടിരിക്കുന്നതുപോലെ, ഓരോ സ്നേഹവും പുതിയതായിരിക്കുന്നതുപോലെ.
അത്‌ ഭൂതത്തില്‍ നിന്നും കടമെടുക്കപ്പെടുന്നതല്ല, അത്‌ ഏതെങ്കിലും പാരമ്പര്യത്തില്‍ അധിഷ്ഠിതവുമല്ല. അത്‌ ബാഹ്യതയില്‍ നിന്നുമുരുത്തിരിയുന്നതല്ല, അത്‌ അകക്കാമ്പില്‍ തനിയെ സംഭവിക്കുന്നതാണ്‌. യാതൊരുവ കാരണവുമില്ലാതെ, എല്ലാ വ്യവസ്ഥകള്‍ക്കുമതീതമായി സംഭവിക്കുന്നതാണ്‌, യാതൊരു കാരണവുമില്ലാതെ, എല്ലാ വ്യവസ്ഥകള്‍ക്കുമതീതമായി സംഭവിക്കുന്നതാണത്‌. അത്‌ മനസ്സിന്റെ തുടര്‍ച്ചയല്ല. അതൊരു വിരാമം കുറിക്കുന്ന വിസ്ഫോടനമാണ്‌. ആകാശം മേഘങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ആകാശത്തെ കാണാന്‍ കഴിയുന്നില്ല. എന്നാല്‍ ഇവിടെ യാതൊരു കാര്യകാരണ ബന്ധനവുമില്ല. മേഘങ്ങള്‍ മാറിപ്പോകുന്നതോടെ ആകാശം തെളിമയുറ്റതായിത്തീരുന്നു. ഇതില്‍ കാര്യകാരണബന്ധമേയില്ല. ആകാശത്തിന്‌ മേഘങ്ങളെ അറിയുകപോലുമില്ല! എന്തൊക്കെയായിരുന്നാലും, ഏത്‌ വിധേനയും ആകാശം മേഘങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിട്ടേയില്ല.
ഓഷോ

Related News from Archive
Editor's Pick