ഹോം » പൊതുവാര്‍ത്ത » 

വിലക്കയറ്റം : പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

October 17, 2011

തിരുവനന്തപുരം: റെയില്‍വെ ചരക്കുകൂലിയെ തുടര്‍ന്ന്‌ ഭക്ഷ്യവസ്തുക്കള്‍ക്ക്‌ ഉണ്ടായ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്ന്‌ എളമരം കരീമും മുല്ലക്കര രത്നാകരനുമാണ്‌ നോട്ടീസ്‌ നല്‍കിയത്‌.

വിലക്കയറ്റത്തിനെതിരെ സഭ പ്രമേയം പാസ്സാക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിലക്കയറ്റത്തിലുള്ള ആശങ്ക കേന്ദ്രത്തെ അറിയിക്കാമെന്ന് പറഞ്ഞു. ചരക്ക് കൂലി ആറ് ശതമാനം വര്‍ധിപ്പിച്ചെങ്കില്‍ നിത്യോപയോഗ സാധനങ്ങളില്‍ പ്രധാന ഇനമായ അരിയുടെ വില കൂടിയിട്ടില്ല. എഫ്.സി.ഐയാണ് ഇത് നിയന്ത്രിക്കുന്നത്.

കേരളത്തിലേക്കുള്ള മറ്റ് ഭക്ഷ്യവസ്തുക്കളില്‍ ഭൂരിഭാഗവും റോഡ് മാര്‍ഗമാണ് സംസ്ഥാനത്തേക്കെത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.

Related News from Archive
Editor's Pick